'സിക്ക' വൈറസും ഇന്ത്യയില്‍ ഭീഷണി ഉയര്‍ത്തുന്നു എന്ന് ആരോഗ്യവിദഗ്ദര്; ആവശ്യമായ പരിശോധനാ സംവിധാനങ്ങളില്ല

ബംഗളുരു| Sajith| Last Modified തിങ്കള്‍, 1 ഫെബ്രുവരി 2016 (10:55 IST)
ഡെങ്കു, ചിക്കുന്‍ഗുനിയ വൈറസുകള്‍ക്ക് ശേഷം സിക്ക വൈറസും ഇന്ത്യയില്‍ ഭീഷണി ഉയര്‍ത്തുന്നു എന്ന് റിപ്പോര്‍ട്ട്. തീരപ്രദേശ മേഖലയിലും പശ്ചിമഘട്ട മേഖലയിലുമാണ് സിക്ക ശക്തമായി പടരാന്‍ സാദ്ധ്യതയുള്ളതെന്ന് ആരോഗ്യവിദഗ്ദര്‍ വിലയിരുത്തി. ഈഡിസ് ഈജിപറ്റി എന്ന കൊതുകുകള്‍ തന്നെയാണ് ഈ വൈറസ് പരത്തുന്നത്.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരുകളുടേയോ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് കാര്യമായ ഒരു മുന്‍കരുതല്‍ നടപടികളും ആരംഭിച്ചിട്ടില്ല. ഇതിനെതിരെ ആവശ്യമായ പരിശോധന സംവിധാനം ഇല്ലാത്തത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ബംഗളുരുവിലെ ഡോക്ടര്‍മാര്‍ സിക്ക വൈറസ് ഭീഷണിയെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊതുക് നിവാരണപ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്നു തന്നെ ഊര്‍ജ്ജിതമാക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

സിക്ക വൈറസ് ബാധ രൂക്ഷമായ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേയ്ക്ക്
ബംഗളുരുവില്‍ നിന്ന് ധാരാളം പേരാണ് ദിനം പ്രതി യാത്ര ചെയ്യുന്നുന്നത്. എന്നാല്‍
വിമാനത്താവളങ്ങളില്‍ ഒരുതരത്തിലുള്ള പരിശോധനസംവിധാനവുമില്ല. ഇതില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ജിഎം വാമദേവ അഭിപ്രായപ്പെട്ടു. ഇന്ത്യയിലേയ്ക്ക് ഇതുവരെ വൈറസ് എത്താത്തത് കൊണ്ട് പേടിയ്ക്കാനില്ല എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കൊളംബിയയില്‍ രണ്ടായിരത്തോളം ഗര്‍ഭിണികള്‍ സിക്ക വൈറസ് ബാധിതരാണെന്ന് അവിടുത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിക്ക രോഗബാധിതരുള്ള രണ്ടാമത്തെ രാജ്യമായി മാറി. അവിടുത്തെ 150 ഗര്‍ഭിണികള്‍ പ്രത്യേക നിരീക്ഷണത്തിലാണെന്ന് പരാഗ്വേ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ബ്രസീലിയന്‍ അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് കൂടുതലായി വൈറസ് ബാധിതരെ കണ്ടെത്തിയതെന്ന് കൊളംബിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈഡിസ് ഈജിപ്തി കൊതുക് വഴി പടരുന്ന മറ്റ് രോഗങ്ങളായ ഡെങ്കിപനി, ചിക്കന്‍ഗുനിയ എന്നിവ പടരാനുള്ള സാധ്യതയും രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ ഭൂഖണ്ഡത്തിലാണ് സിക്ക വൈറസ് അതിവേഗം പടരാനുള്ള സാധ്യതയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :