ശ്രീനു എസ്|
Last Updated:
വെള്ളി, 5 ജൂണ്‍ 2020 (10:08 IST)
അമേരിക്കയില്‍ ഇന്ത്യന്‍ എംബസിക്ക് പുറത്തു സ്ഥാപിച്ചിരുന്ന മഹാത്മ ഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ടു. കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കാനെത്തിയവരായിരുന്നു വാഷിങ്ടണ്‍ ഡിസിയില്‍ ഇന്ത്യന്‍ എംബസിക്ക് പുറത്ത് സ്ഥാപിച്ചിരുന്ന പ്രതിമ തകര്‍ത്തത്. സംഭവത്തില്‍ അമേരിക്കന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രക്ഷോഭത്തെ നേരിടാനായി സൈന്യത്തെ ഇറക്കുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. മേയര്‍മാര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും കലാപത്തെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ പട്ടാളത്തെ ഇറക്കുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്.
വൈറ്റ് ഹൗസിനു മുന്നില്‍ നൂറു കണക്കിനു പേര്‍ രാത്രി ഒത്തുകൂടിയതോടെ കഴിഞ്ഞദിവസം ട്രംപിനെ വൈറ്റ് ഹൗസിലെ ബങ്കറിലേക്ക് മാറ്റിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.