സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കമ്മീഷന്‍ ഏജന്റുമാരെന്ന് സുബ്രഹ്മണ്യം സ്വാമി

ന്യൂ‍ഡൽഹി| VISHNU N L| Last Modified വ്യാഴം, 19 നവം‌ബര്‍ 2015 (20:01 IST)
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും കമ്മീഷന്‍ ഏജന്റുമാരാണെന്ന് ആരോപിച്ചുകൊണ്ട് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി.
ഇരുവർക്കുമായി 2.50 ലക്ഷം കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വകാര്യ സ്വത്തുണ്ടെന്നും സ്വാമി ആരോപിച്ചു.

നേരത്തെ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും അദ്ദേഹം ആരോപണമുന്നയിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് നേതൃത്വവും രാഹുൽ ഗാന്ധിയും ഇക്കാര്യം തള്ളിക്കളഞ്ഞു. അതിനിടെയാണ് പുതിയ ആരോപണങ്ങളുമായി സുബ്രഹ്മണ്യൻ സ്വാമി ഇന്നു വീണ്ടും രംഗത്തെത്തിയത്. അഹമ്മദാബാദില്‍ ഒരു വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനു നേരെ സ്വാമി രംഗത്തെത്തിയത്.

ഇന്ത്യയ്ക്ക് 20,000 കോടിയിലധികം രൂപ വില വരുന്ന അന്തർവാഹിനികൾ നിർമിച്ചു നൽകിയ ഫ്രഞ്ച് കമ്പനിയിൽ നിന്നുൾപ്പെടെ ഇരുവരും കമ്മിഷൻ പറ്റിയതായാണ് സ്വാമിയുടെ ആരോപണം. രാഹുൽ ഗാന്ധി ഒരു രാഷ്ട്രീയ നേതാവും അതേസമയം തന്നെ ഒരു കമ്മിഷൻ ഏജന്റുമാണ്. എല്ലാ കോൺഗ്രസ് നേതാക്കളുംതന്നെ കമ്മിഷൻ ഏജന്റുമാരാണ്. രാഹുൽ ഗാന്ധി തുർക്കി പൗരനാണോയെന്ന് തനിക്ക് സംശയമുണ്ടെന്നും സ്വാമി പറഞ്ഞു.

കമ്മിഷൻ പറ്റുന്നതിന് മാത്രമായി രാഹുൽ ഗാന്ധി ചില കമ്പനികൾ ആരംഭിച്ചിട്ടുണ്ട്. അദേഹത്തിന് തുർക്കിയുള്‍പ്പെടെ മറ്റു രാജ്യങ്ങളിലും പൗരത്വമുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് സ്വാമി പറഞ്ഞു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമായി 2.50 ലക്ഷം കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വത്ത് ഉണ്ടെന്നും സ്വാമി ആരോപിച്ചു. രാജ്യത്തിന്റെ ആദായനികുതി വരുമാനത്തിലും കൂടുതലാണ് ഇതെന്നും അദേഹം ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :