ശിവസേനയും ബിജെപിയും ഏറ്റുമുട്ടലിലേക്ക്

ശിവസേന, ബിജെപി, മഹാരാഷ്ട്ര
മുംബൈ| vishnu| Last Modified വ്യാഴം, 8 ജനുവരി 2015 (08:15 IST)
മാസങ്ങള്‍ നീണ്ട വെടിനിര്‍ത്തലുകള്‍ക്ക് ശേഷം ശിവസേനയും ബിജെപിയും പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുന്നു. മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് നടപടിക്രമങ്ങള്‍ ആരംഭിച്ചതോടെ സീറ്റു വിഭജനത്തില്‍ സംസ്ഥാനത്ത് വീണ്ടും സേനയും ബിജെപിയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുമെന്നാണ് കരുതുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടും സീറ്റുകണക്കും അനുസരിച്ച് പ്രധാന നഗരസഭകളിലേതടക്കമുള്ള തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനാണ് ബിജെപി തീരുമാനം.

എന്നാല്‍ ഇതിനെ എതിര്‍ക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി സൂചനകളുണ്ട്. ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ ഭരണത്തില്‍ മേല്‍ക്കൈ നേടാനാണ് ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവില്‍ ശിവസേനയ്ക്കാണ് കോര്‍പ്പറേഷനില്‍ മേല്‍ക്കൈ. മേയര്‍ സ്ഥാനം സേനയ്ക്കും ഉപമേയര്‍ സ്ഥാനം ബിജെപിക്കും എന്നതാണ് പതിവായി ഇവിടുത്തെ കീഴ്വഴക്കം. ഇതില്‍ മാറ്റം വരുത്തി നഗരസഭയെ ഏറ്റവും വലിയ കക്ഷിയാകാനാണ് ബിജെപി ശ്രമം. ഇതിനുള്ള ശ്രമങ്ങള്‍ നടത്താനാണ് അമിത് ഷാ സംസ്ഥാന ഘടകത്തിനു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

30,000 കോടി രൂപയിലേറെയാണ് ബൃഹാന്‍ മുംബൈ കോര്‍പറേഷന്റെ ബജറ്റ്. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ നഗരസഭയാണ് ഇത്. നഗരസഭാ തെരഞ്ഞെടുപ്പില്‍ സേനയുമായി ചേര്‍ന്ന് മത്സരിക്കണമോ എന്നത് തങ്ങളുടെ ആവശ്യങ്ങളെ സേന എങ്ങനെ കാണുമെന്നത് അനുസരിച്ചാകുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. വാര്‍ഡുകള്‍ തോറും ഇരു പാര്‍ട്ടികളും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടിന്‍െറ അടിസ്ഥാനത്തിലാകണം സീറ്റുവിഭജനമെന്നാണ് ബിജെപിയുടെ ആവശ്യം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :