ന്യൂഡൽഹി|
jibin|
Last Modified ശനി, 12 ഡിസംബര്‍ 2015 (08:18 IST)
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം ആരംഭിച്ചു. 9,70,200 കോടി രൂപ ചെലവ് വരുന്ന ഇന്ത്യയിലെ ആദ്യ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. ജപ്പാൻ-ഇന്ത്യ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ആബെയും പങ്കെടുക്കും.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന
മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളില്‍ ഒന്നായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പ്രഖ്യാപനം ഉണ്ടാകും. ചൈനയെ മറികടന്ന് ജപ്പാനെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായി തെരഞ്ഞെടുത്തത്. മുംബൈയെ ഗുജറാത്തിലെ അഹ്മദാബാദുമായി ബന്ധിപ്പിക്കുന്നതാണ് 505 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ആദ്യ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി.
സീപ്ലെയിന്‍, യുദ്ധോപകരങ്ങള്‍ തുടങ്ങിയവ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തും. ജപ്പാനില്‍ നിന്ന് രണ്ട് സീപ്ലെയിന്‍ വാങ്ങാനാകും ധാരണ. 10 സീപ്ലെയിനുകളുടെ നിര്‍മാണത്തിന് ജപ്പാന്‍ ഇന്ത്യക്ക് സഹായം നല്‍കും.
ഇതിന് പുറമെ ഏഷ്യയില്‍ സ്വാധീനം ശക്തമാക്കുന്നതിനുള്ള ചൈനീസ് നീക്കങ്ങള്‍ക്ക് തടയിടാനുള്ള പദ്ധതികളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചയാകും. പ്രതിരോധമേഖലയിലെ വിവരങ്ങളുടെ കൈമാറ്റത്തിന് കൂടുതല്‍ സുരക്ഷയും ഉറപ്പുവരുത്തും.
വിവിധ വ്യാപാര കരാറുകളിലും ഇരു രാജ്യങ്ങളും ധാരണയിലെത്തും.
രാഷ്ട്രപതി പ്രണബ് മുഖർജിയുമായി ഷിന്‍സോ ആബെ കൂടിക്കാഴ്ച നടത്തും. ബിസിനസ് രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. മോഡിക്കൊപ്പം ആബെ വാരണാസി സന്ദർശിക്കും.