രേഖകളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ല; തെളിവുകള്‍ വേണമെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| Last Modified ബുധന്‍, 11 ജനുവരി 2017 (17:51 IST)
ചില രേഖകള്‍ കൊണ്ടുമാത്രം പ്രധാനമന്ത്രിക്ക് എതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരായ അഴിമതി കേസ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയായിരുന്നു കോടതി ഇങ്ങനെ പറഞ്ഞത്.

അന്വേഷണം നടത്താന്‍ മാത്രമുള്ള തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞാണ് സഹാറ–ബിർള എന്നീ കമ്പനികളിൽ നിന്ന്​ മോദി പണം വാങ്ങിയെന്ന കേസിലെ ഹര്‍ജി കോടതി തള്ളിയത്. മോഡിക്ക് പണം നല്കിയതായുള്ള പരാമര്‍ശം സഹാറയുടെയും ബിര്‍ളയുടെയും ഡയറികളിലായിരുന്നു ഉണ്ടായിരുന്നത്.

കേസുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് സ്വരാജ് അഭിയാന്‍ എന്ന രാഷ്‌ട്രീയപാര്‍ട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുന്‍ ആം ആദ്‌മി പാര്‍ട്ടി നേതാവായ യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് സ്വരാജ് അഭിയാന്‍.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2013ല്‍ സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍ നിന്ന് നരേന്ദ്ര മോഡി പണം കൈപ്പറ്റി എന്നായിരുന്നു കേസ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇതു സംബന്ധിച്ച് ആരോപണം ഉയര്‍ത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :