മോശക്കാര്‍ എന്ന് വിളിച്ചവര്‍ക്ക് മറുപടിയുമായി എയര്‍ ഇന്ത്യ; ആശ്വാസം കണ്ടെത്തിയത് നൊബേല്‍ ജേതാവിന്റെ അഭിനന്ദനക്കുറിപ്പില്‍

മോശക്കാര്‍ എന്ന് വിളിച്ചവര്‍ക്ക് മറുപടിയുമായി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 10 ജനുവരി 2017 (17:07 IST)
ലോകത്തിലെ ഏറ്റവും മോശം സര്‍വ്വീസുകള്‍ നല്കുന്നവരില്‍ ഒന്നാണെന്ന അപവാദത്തിന് മറുപടിയുമായി എയര്‍ ഇന്ത്യ. ഫ്ലൈറ്റ് ഡാറ്റ ഫേമായ ഫ്ലൈറ്റ്‌സ്റ്റാറ്റ്‌സ് ആണ് ലോകത്തിലെ ഏറ്റവും മോശമായ മൂന്നാമത്തെ എയര്‍ലൈന്‍ ആയി എയര്‍ ഇന്ത്യയെ തെരഞ്ഞെടുത്തത്. എന്നാല്‍, ഇതിനു മറുപടിയായാണ്
‘മഹാരാജ’യില്‍ നടത്തിയ യാത്രയില്‍ തൃപ്‌തനായി നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍ എഴുതി നല്കിയ കുറിപ്പുമായി എയര്‍ ഇന്ത്യ എത്തിയത്. ഈ വര്‍ഷം നടത്തിയ ജനുവരി ഒമ്പതിന് നടത്തിയ യാത്രയെക്കുറിച്ച് അമര്‍ത്യ സെന്‍ എഴുതിയതാണ് എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തത്.

ന്യൂഡല്‍ഹിയില്‍ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് AI111 (എയര്‍ ഇന്ത്യ 111) വിമാനത്തില്‍ നടത്തിയ യാത്രയില്‍ തൃപ്‌തി രേഖപ്പെടുത്തിയുള്ള കുറിപ്പാണ് ഇത്. ‘അത്ഭുതകരമായ സേവനത്തിനും മഹത്തായ പരിചരണത്തിനും ഒത്തിരി നന്ദി. മനസ്സില്‍ ഒത്തിരി സന്തോഷവും നന്ദിയുമുണ്ട്. ആശംസകള്‍ നേരുന്നു’ - അമര്‍ത്യ സെന്നിന്റെ കുറിപ്പില്‍ പറയുന്നു.

സമയത്ത് സേവനം നല്കുന്നതില്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും മോശമെന്ന് പേരു കേള്‍പ്പിച്ചത് തിരുത്തുന്നതിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യയുടെ നടപടി. എയര്‍ ഇന്ത്യയെക്കുറിച്ച് ഫ്ലൈറ്റ്‌സ്റ്റാറ്റ്‌സ് പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ മുഴുവനായും തള്ളിക്കളയുന്നതായി എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ഫ്ലൈറ്റ്‌സ്റ്റാറ്റ്‌സിന്റെ 2017ലെ അവാര്‍ഡിന് ഇന്‍ഡിഗോ അര്‍ഹമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :