ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 23 ജനുവരി 2018 (20:17 IST)
കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യയുടെ മൊത്ത ആഭ്യന്ത ഉത്പാദനം (ജിഡിപി) വളർച്ച ആറു മടങ്ങു വര്‍ദ്ധിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിലെ പ്രസംഗത്തിന് പിന്നാലെ നിര്‍ദേശവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്.
സാമ്പത്തിക ഫോറത്തിൽ ഇന്ത്യയിലെ സാമ്പത്തിക അസന്തുലിതാവസ്ഥ സംബന്ധിച്ച് മോദി സംസാരിക്കണമെന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്തുകൊണ്ടാണ് ജനസംഖ്യയിലെ ഒരു ശതമാനത്തിന്റെ കൈകളിൽ രാജ്യത്തിന്റെ സമ്പത്തിന്റെ 73 ശതമാനവും എത്തപ്പെട്ടതെന്ന് മോദി പറയണം. സംശയനിവാരണത്തിനായി ഒരു റിപ്പോർട്ടും ഇതിനൊപ്പം ചേർത്തിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുവെന്നും അദ്ദേഹം ട്വീറ്റുചെയ്തു.
ഓക്സ്ഫാം എന്ന സന്നദ്ധ സംഘടന പ്രസിദ്ധീകരിച്ച വാർഷിക സർവേയിലെ കണ്ടെത്തലുകളെ ഉദ്ധരിച്ചാണ് രാഹുൽ പ്രധാനമന്ത്രിക്കെതിരെ വിമർശം ഉന്നയിച്ചത്.
കഴിഞ്ഞ 20 വർഷത്തിനിടെ ജിഡിപി വളർച്ച ആറു മടങ്ങു വര്‍ദ്ധിച്ചുവെന്നാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്.
ഡിജിറ്റൽ മേഖലയിലെ വളർച്ചയാണ് സാമ്പത്തിക മേഖലയിൽ ഗുണം ചെയ്തത്. ശക്തവും വികാസനോന്മുഖവുമായ
ഇന്ത്യ ലോകത്തിനു മുന്നിൽ വൻ അവസരമാണ് ഒരുക്കുന്നത്. രാജ്യത്തെ എല്ലാവര്ക്കും വികസനം എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞ. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം എന്നതാണ് ഞങ്ങളുടെ മുദ്രാ വാക്യമെന്നും മോദി ദാവോസിലെ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.