ചണ്ഡിഗഡ്|
Last Modified വെള്ളി, 27 ജനുവരി 2017 (14:31 IST)
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പഞ്ചാബിലെ മാജിദയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എങ്ങനെയാണ് അകാലിദളിനെ പിന്തുണയ്ക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു. പഞ്ചാബിനെ നശിപ്പിച്ചത് അകാലിദള്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മയക്കുമരുന്നിനെതിരെ ശക്തമായ നടപടി തങ്ങള്‍ കൈക്കൊള്ളുമെന്നും പ്രസംഗത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വ്യക്തമാക്കി. പഞ്ചാബിലെ ബസ് സര്‍വ്വീസുകളില്‍ പോലും ബാദല്‍ സര്‍ക്കാരിന്റെ കുത്തകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചാബിലെ എല്ലാ വ്യവസായവും ബാദല്‍ കുടുംബത്തിന്റെ കുത്തകയ്ക്ക് കീഴിലാണെന്നും രാഹുല്‍ ആരോപിച്ചു.
സംസ്ഥാനത്തെ 70 ശതമാനം യുവാക്കളും മയക്കുമരുന്നിന് അടിമകളാണെന്ന് താന്‍ പറഞ്ഞപ്പോള്‍ തന്നെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ ചെയ്തത്. എന്നാല്‍, പഞ്ചാബ് തന്നെ താന്‍ പറഞ്ഞത് ഇപ്പോള്‍ ശരിവെയ്ക്കുകയാണ്. കാര്‍മേഘങ്ങള്‍ കര്‍ഷകരെ പ്രതീക്ഷയുള്ളവരാക്കുന്നു എന്നാല്‍, പഞ്ചാബില്‍ ബാദല്‍ കര്‍ഷകര്‍ക്ക് വെള്ളം കൊടുക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് പഞ്ചാബിലെ മാജിദയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.