Last Modified വ്യാഴം, 7 ഫെബ്രുവരി 2019 (13:22 IST)
മുംബൈ: ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പൊലീസുകാരനെ വഴിയിൽ തടഞ്ഞുനിർത്തി ഫൈൻ അടപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസിന്റെ പ്രതികാര നടപടി. പവാൻ സയ്യദ്നി എന്ന യുവാവിനെതിരെയാണ് സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തി എന്ന കേസ് ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഹൽമറ്റ് ഇല്ലാതെ ബൈകിൽ യാത്ര ചെയ്യുകയായിരുന്ന പന്ത്രിനാഥ് രാമു എന്ന് കോൺസ്റ്റബിളിനെ പവാൻ തടഞ്ഞു നിർത്തുകയും ചോദ്യംചെയ്യുകയുമായിരുന്നു. സംഭവം ആളുകൾ കാണുന്നു എന്ന് മനസിലാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ ആദ്യം വിഷയം ഒത്തു തീർപ്പാക്കാൻ ശ്രമിച്ചു. എന്നാൽ യുവാവ് വിട്ടില്ല. ഹെൽമെറ്റ് ഇല്ലാത്തെ യാത്ര ചെയ്തതിന് 1000 രൂപ യുവാവ് പൊലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് പിഴയടപ്പിച്ചു.
രാജ്യത്തിന്റെ നിയമം എല്ലാവർക്കും ബാധകമാണെന്നും അത് പാലിക്കണമെന്നും താക്കിത് നൽകിയാണ് പിന്നീട് യുവാവ് പൊലീസിനെ വിട്ടത്. സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പൊലീസ് യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോൾ യുവാവ് മദ്യപിച്ചിരുന്നു എന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.