കുതിച്ചുയർന്ന് ഇന്ധനവില; താങ്ങാനാകുന്നില്ല, സർവീസുകൾ നിർത്തിവയ്ക്കാനൊരുങ്ങി സ്വകാര്യബസുകൾ

അപർണ| Last Modified തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (09:21 IST)
ഇന്ധന വില ഇന്നും വർധിച്ചു. പെട്രോള്‍ ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ദിനംപ്രതി വില വർധിക്കുന്നതു തുടർന്നതോടെ സർവീസുകള്‍ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഒരുങ്ങുകയാണ് സ്വകാര്യബസുകൾ.

കോഴിക്കോട് ജില്ലയിൽ മാത്രം ഇരുന്നൂറോളം ബസുകളാണ് ഇത്തരത്തിൽ സർവീസ് നിർത്തുന്നത്. പെർമിറ്റ് താൽക്കാലികമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടമകൾ ആർടിഒയ്ക്ക് സ്റ്റോപ്പേജ് നൽകാനുള്ള ഒരുക്കത്തിലാണ്. പെട്രോളിന് 87.5 രൂപയും ഡീസലിന് 80.21 രൂപയുമാണ് കേരളത്തിലെ കൂടിയ വില.

ഒരു ബസില്‍ ദിവസേന ശരാശരി 80 ലീറ്റര്‍ ഡീസല്‍ വേണ്ടിവരും. തൊഴിലാളികളുടെ കൂലി, സ്റ്റാന്‍ഡ് വാടക ഇനങ്ങളിലായി 9,500 രൂപ ചെലവുവരും. ഇന്‍ഷുറന്‍സിനു മാത്രം ഒരുവര്‍ഷം 80,000 മുതല്‍ ഒരു ലക്ഷം രൂപവരെ നല്‍കണം. വരുമാനം ഈ ചെലവുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണു പരാതി.

നഷ്ടം താങ്ങാനാവാതെ വന്നതോടെ പെര്‍മിറ്റ് താല്‍കാലികമായി മരവിപ്പിക്കാനുള്ള സ്റ്റോപ്പേജ് അപേക്ഷ നല്‍കാന്‍ ബസുടമകള്‍ കൂട്ടത്തോടെ തീരുമാനിച്ചു. ഇത് യാത്രക്ലേശം രൂക്ഷാക്കുന്നതിനൊപ്പം സര്‍ക്കാരിനു നികുതി നഷ്ടവുമുണ്ടാക്കുമെന്നാണു വിലയിരുത്തൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :