മംഗലാപുരം|
VISHNU.NL|
Last Modified ശനി, 26 ജൂലൈ 2014 (12:03 IST)
ശബരിമല തീര്‍ഥാടകന്റെ പ്രസാദവും തുണികളും ട്രയിനില്‍ വച്ച് എലികരണ്ടതിനാല്‍ പരാതിക്കാരന് 10,000 രൂപ നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃകോടതി ഉത്തരവ്. ദക്ഷിണ കന്നഡ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര വേദിയാണ് ദക്ഷിണ റെയില്‍വേയോട് നഷ്ടപരിഹാരം നല്കാന് നിര്‍ദ്ദേശിച്ചു കൊണ്ട് ഉത്തരവിട്ടത്.
കുന്താപുരത്തെ പ്രദീപ്കുമാര്‍ ഷെട്ടിയുടെ പരാതിയിലാണ് കോടതി ഈ വിധി പ്രസ്താവിച്ചത്. ശബരിമല തീര്‍ഥയാത്രകഴിഞ്ഞ് ചെങ്ങന്നൂരില്‍ നിന്ന് മംഗലാപുരത്തേക്ക് ട്രയിന്‍ കയറിയ പ്രദീപ് മംഗലാപുരത്തെത്തി ബാഗെടുത്തപ്പോള്‍ ഞെട്ടിപ്പോയി, ശബരിമലയിലെ പ്രസാദവും കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കുമുള്ള തുണികളും വാങ്ങിവച്ചിരുന്ന ബാഗ് എലി കരണ്ടുതിന്നിരിക്കുന്നു.
ബാഗ് കരണ്ട് ഉള്ളില്‍ക്കയറിയ എലി പ്രസാദം മുഴുവന്‍ തിന്നിരുന്നു. തുണിത്തരങ്ങള്‍ മുഴുവന്‍ കരണ്ട് ഓട്ടയാക്കി. സ്റ്റേഷനിലിറങ്ങി സ്റ്റേഷന് മാനേജര്‍ക്ക് പരാതി നല്‍കിയെങ്കിലും തങ്ങള്‍ നിസ്സഹായരാണെന്നായിരുന്നു മറുപടി. എന്നാല്‍ പരാതി സ്വീകരിച്ചതിന്റെ രസീത് നല്‍കുകയും ചെയ്തു.
എന്നാല്‍ സംഭവം അങ്ങനെ വെറുതേ വിടാന്‍ പ്രദീപ് തയ്യാറായില്ല. രസീതുമായി പ്രദീപ് ഉപഭോക്തൃ തര്‍ക്കപരിഹാരക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്. കേസ് പരിഗണിച്ച ഉപഭോക്തൃ ഫോറം യാത്രക്കാരന്റെ ആവശ്യം ന്യായമാണെന്ന് കണ്ടെത്തി. റെയില്‍വേയോട് നഷ്ടപരിഹാരമായി 10,000 രൂപ നല്കാന് ആവശ്യപ്പെട്ടതിനു പുറമെ കോടതിച്ചെലവിനായി 2,000 രൂപകൂടി അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തുക നല്കാന് വീഴ്ചവരുത്തിയാല്‍ വര്‍ഷം പന്ത്രണ്ട് ശതമാനം പലിശ ഉപഭോക്താവിന് നല്‍കണം. ഉപഭോക്തൃഫോറം പ്രസിഡന്റ് ആശാ ഷെട്ടി, അംഗം ലാവണ്യ റായി എന്നിവരാണ് കേസ് പരിഗണിച്ചത്.