പാര്‍ലമെന്‍റ് കാന്‍റീനിലെ സബ്സിഡി നിര്‍ത്തുന്നു

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 23 ജൂലൈ 2015 (14:41 IST)
പാർലമെന്റ് കാന്റീനിലെ സബ്സിഡി ഒഴിവാക്കാൻ നീക്കം. കാന്റീനിലെ ആഹാരത്തിന് തുച്ഛമായ വില മാത്രമേ ഈടാക്കുന്നുള്ളൂവെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് സബ്സിഡി ഒഴിവാക്കാൻ നീക്കം ആരംഭിച്ചിരിക്കുന്നത്.
20ന് നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഇത് ചര്‍ച്ചയായത്. ഇതുസംബന്ധിച്ച് തീരുമാനത്തിലെത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബിജെപി, കോൺഗ്രസ് എംപിമാർ തീരുമാനത്തിന് അനുകൂലമാണ്.

സബ്സിഡി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന പാര്‍ലമെന്‍റ് കോംപ്ളക്സിലെ ഫുഡ് മാനേജ്മെന്‍റ് കമ്മിറ്റി യോഗം തീരുമാനമെടുക്കും. എ.പി ജിതേന്ദര്‍ റെഡ്ഢി അധ്യക്ഷനായ കമ്മിറ്റിയില്‍ ലോക്സഭയില്‍ നിന്ന് 10 പേരും രാജ്യസഭയില്‍ നിന്ന് അഞ്ചുപേരുമാണുള്ളത്. പാർലമെന്റിലെ 10 ശതമാനം വരുന്ന എംപിമാർ മാത്രമാണ് കാന്റീനിൽ നിന്നു ആഹാരം കഴിക്കുന്നതെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. ഇവരെ കൂടാതെ പാർലമെന്റിലെ ഉദ്യോഗസ്ഥർ, സുരക്ഷാ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവരാണ് കാന്റീനിൽ നിന്ന് ആഹാരം കഴിക്കുന്നത്.

അതിനാല്‍ സബ്സീഡി നിര്‍ത്തലാക്കിയേക്കുമെന്നാണ് വിവരം. സബ്സിഡി നിർത്തലാക്കുന്നത് സംബന്ധിച്ച് അടുത്ത ആഴ്ച തീരുമാനമെടുക്കും. പാർലമെന്റിലെ കാന്റീന് സബ്സിഡി അനുവദിക്കുന്നതിലൂടെ മാത്രം 14 കോടിയോളം രൂപയാണ് കേന്ദ്രസർക്കാരിന് നഷ്ടമുണ്ടാകുന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാന്റീന്‍ സബ്സിഡിയിനത്തില്‍ അറുപതിലേറെ കോടി രൂപയാണ് സര്‍ക്കാറിന് ചെലവഴിക്കേണ്ടിവന്നിട്ടുള്ളത്.
സബ്സിഡി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും എംപിയുമായ ജെയ് പാണ്ഡയും രംഗത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :