ന്യൂഡല്‍ഹി|
Last Modified വ്യാഴം, 8 ഡിസംബര്‍ 2016 (12:03 IST)
രാജ്യത്ത് നോട്ട് അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടിക്കെതിരെ നിശിത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റോമന്‍ ചക്രവര്‍ത്തി ആയിരുന്ന നീറോയോട് പ്രധാനമന്ത്രിയെ ഉപമിച്ച രാഹുല്‍ ഗാന്ധി നോട്ട് അസാധുവാക്കിയ നടപടി ചില ഇ-വാലറ്റ് കമ്പനിയായ പേടിഎമ്മിന് മാത്രമാണ് ഗുണം ചെയ്തതെന്നും പറഞ്ഞു.
നോട്ട് അസാധുവാക്കലിനെതിരെ പാര്‍ലമെന്റിനു മുമ്പില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കാഷ്‌ലെസ് ഇക്കോണമി’യി എന്ന ആശയത്തിലൂടെ കുറഞ്ഞ ആളുകള്‍ക്ക് മാത്രം ഗുണങ്ങള്‍ ലഭിക്കുന്ന സാഹചര്യമാണ്. ഇത് രാജ്യത്തിന് ദോഷം ചെയ്യുന്നതാണ്. പേടിഎം ശരിക്കും ‘പേ ടു മോഡി’ എന്നാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ സംസാരിക്കാന്‍ അവസരം തരികയാണെങ്കില്‍ ഈ ബന്ധം താന്‍ വ്യക്തമാക്കാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നോട്ടുകള്‍ അസാധുവാക്കിയതോടെ പണം ലഭിക്കാതെ സാധാരണക്കാര്‍ വലയുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ ആളുകള്‍ കഷ്‌ടപ്പെടുമ്പോള്‍ അദ്ദേഹം ആര്‍ത്തുചിരിക്കുകയാണ്. നോട്ടുകള്‍ അസാധുവാക്കിയത് ധൈര്യപൂര്‍വ്വമുള്ള നടപടിയെന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയും അനുയായികളും പറയുന്നത്. എന്നാല്‍, ഇതൊരു ധൈര്യപൂര്‍വ്വമായ തീരുമാനം അല്ലെന്നും മണ്ടന്‍ തീരുമാനമാണെന്നും രാഹുല്‍ പറഞ്ഞു. വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടും വേണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ ഇതിന് തയ്യാറല്ലെന്നും രാഹുല്‍ ആരോപിച്ചു.