കള്ളപ്പണം കണ്ടെത്താന്‍ സഹകരണ ബാങ്കുകളില്‍ ആദായനികുതി വകുപ്പ് പരിശോധന; ദേശസാല്‍കൃത ബാങ്കുകളില്‍ സഹകരണബാങ്ക് നിക്ഷേപിച്ചത് കോടികള്‍

സഹകരണ ബാങ്ക് വകുപ്പുകളില്‍ ആദായനികുതി വകുപ്പ് പരിശോധന

തിരുവനന്തപുരം| Last Modified ശനി, 3 ഡിസം‌ബര്‍ 2016 (11:02 IST)
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. ദേശസാല്‍കൃത ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സഹകരണബാങ്കുകള്‍ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാങ്കുകളില്‍ പരിശോധന നടത്തുന്നത്.

സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലെ സഹകരണബാങ്കുകള്‍ വഴി വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടന്നതായി ആദായനികുതി വകുപ്പിന് സംശയമുണ്ട്. നോട്ട് അസാധുവാക്കലിനു ശേഷം സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ പണം ഒഴുകിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സഹകരണബാങ്കുകളിലെ പ്രതിസന്ധിക്കിടെയാണ് ദേശസാല്‍കൃത ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം നടന്നിട്ടുള്ളത്. നവംബര്‍ രണ്ടാം വാരത്തില്‍ കോടിക്കണക്കിന് രൂപയാണ് ദേശസാല്‍കൃത ബാങ്കുകളില്‍ സഹകരണസംഘങ്ങള്‍ നിക്ഷേപിച്ചത്. ഒരു കോടി രൂപ മുതല്‍ 12 കോടി രൂപ വരെ ദേശസാല്‍കൃത ബാങ്കുകളില്‍ നിക്ഷേപിച്ച സഹകരണസംഘങ്ങളും ഉണ്ട്.

മലപ്പുറത്ത് എട്ട് കോടിയും അഞ്ചു കോടിയും വെച്ച് ബാങ്കുകളില്‍ നിക്ഷേപിച്ച സഹകരണസംഘങ്ങള്‍ ഉണ്ട്. കോഴിക്കോട് വിവാദമായ ഒരു സഹകരണബാങ്ക് 12 കോടി രൂപ നിക്ഷേപിച്ചിരുന്നു. കാസര്‍കോഡും തൃശൂരും സമാനമായ രീതിയില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. മലപ്പുറത്തെ ഒരു കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം രണ്ടരക്കോടി രൂപ പ്രാദേശിക സഹകരണബാങ്കില്‍ നിക്ഷേപിച്ചതായും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :