ഇ-വാലറ്റിനെക്കുറിച്ച് ശരിക്കും അറിയേണ്ട കാര്യങ്ങള്‍ ഇത്തിരി കടുപ്പമാണ്

ഇ വാലറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

Last Modified ശനി, 3 ഡിസം‌ബര്‍ 2016 (15:26 IST)
രാജ്യത്ത് ചംക്രമണത്തില്‍ ഉണ്ടായിരുന്ന 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയ്ക്കു പുറമേ ഇ-വാലറ്റുകളും സജീവമായിരിക്കുകയാണ്. ടെക്‌നോളജി അപ്‌ടുഡേറ്റ് ആയിരുന്നവര്‍ മാത്രമായിരുന്നു ഇ-വാലറ്റുകള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ നോട്ട് അസാധുവാക്കല്‍ വന്നതോടെ തെരുവോരങ്ങളിലെ കച്ചവടക്കാര്‍ വരെ ഇ-വാലറ്റ് വഴി പണം സ്വീകരിക്കാന്‍ തുടങ്ങി. എന്നാല്‍, ഇപ്പോഴും ഇ-വാലറ്റുകള്‍ ഉപയോഗിച്ചു തുടങ്ങാത്തവരാണ് മിക്കവരും.

കേരളത്തില്‍ ഇപ്പോഴും ഇ-വാലറ്റുകള്‍ പ്രചുരപ്രചാരത്തില്‍ വന്നു തുടങ്ങിയിട്ടില്ല. ഇ-വാലറ്റ് എന്താണെന്ന് ചുരുക്കി പറഞ്ഞാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പണം പരസ്പരം കൈമാറാവുന്ന സംവിധാനമാണ്. പേടിഎം ആണ് രാജ്യത്ത് അറിയപ്പെടുന്ന ഇ - വാലറ്റുകളില്‍ ഒന്ന്. കൂടാതെ, എസ് ബി ഐ ബഡ്ഡി, മൊബീക്വിക്ക്, ഓക്‌സിജന്‍, ഫ്രീ ചാര്‍ജ്, സിറ്റി ബാങ്കിന്റെ സിറ്റി മാസ്റ്റര്‍ പാസ്, എയര്‍ടെല്‍ മണി, ഐഡിയ ഇ-വാലറ്റ്, പേയു മണി, എംപെസ, ആക്സിസ് ബാങ്കിന്റെ ലൈം തുടങ്ങി നിരവധി ഇ-വാലറ്റ് സര്‍വ്വീസുകളുണ്ട്.

മൂന്നു തരത്തിലാണ് ഇ-വാലറ്റുകള്‍ ഉള്ളത്. ക്ലോസ്ഡ്, സെമി ക്ലോസ്‌ഡ്, ഓപ്പണ്‍ എന്നിങ്ങനെ മൂന്നുതരം. കമ്പനിയുടെ ഉല്പന്നങ്ങള്‍ മാത്രം വാങ്ങാന്‍ ഉപയോഗിക്കുന്ന ഇ-വാലറ്റുകള്‍ ആണ് ക്ലോസ്‌ഡ്. ഐ ആര്‍ സി ടി സിയുടെ ഇ - വാലറ്റ് അതിന് ഉദാഹരണമാണ്. ഒന്നിലധികം
സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്നവയാണ് സെമി ക്ലോസ്‌ഡ് വിഭാഗത്തിലുള്ളത്. പേടിഎം, ഓക്സിജന്‍ ഒക്കെ അത്തരത്തില്‍ ഉള്ളതാണ്. ഓപ്പണ്‍ വാലറ്റുകള്‍ ഈ സൌകര്യങ്ങള്‍ക്ക് പുറമേ പണം കൈമാറാനും എ ടി എം വഴി പണം പിന്‍വലിക്കാനും ഉള്ള സൌകര്യവും നല്കുന്നു. എസ് ബി ഐ ബഡ്ഡി ഒക്കെ ഇത്തരത്തില്‍ ഉള്ളതാണ്.

എങ്ങെന് ഇ-വാലറ്റ് ഉപയോഗിക്കാം

ഏത് ഇ-വാലറ്റ് ആണോ നിങ്ങള്‍ ഉപയോഗിക്കാന്‍ ആലോചിക്കുന്നത് ആ കമ്പനിയുടെ ഇ-വാലറ്റ് ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൌണ്‍ലോഡ് ചെയ്യുക. ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും ഉപയോഗിച്ച് വേണം രജിസ്ട്രേഷന്‍ നടത്താന്‍. അതിനു ശേഷം, ഇന്റര്‍നെറ്റ് ബാങ്കിങ് അല്ലെങ്കില്‍ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇ-വാലറ്റിലേക്ക് ആവശ്യത്തിനുള്ള പണം മാറ്റി സൂക്ഷിക്കാം. ആവശ്യമുള്ളപ്പോള്‍ പണം ചേര്‍ക്കുന്നത് ആയിരിക്കും കൂടുതല്‍ സുരക്ഷിതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :