ദാവോസ്|
jibin|
Last Modified ചൊവ്വ, 23 ജനുവരി 2018 (18:29 IST)
ഇന്ത്യ കുറഞ്ഞ കാലംകൊണ്ടു നിക്ഷേപ സൗഹൃദ രാജ്യമായി മാറിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ നിക്ഷേപം നടത്തുകയെന്നത് ഇപ്പോൾ കൂടുതൽ ലളിതമായിരിക്കുന്നു. ലൈസൻസ് രാജിന് അറുതിവരുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ചുവപ്പ് നാടയ്ക്ക് പകരം ചുവപ്പു പരവതാനി വിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 20 വർഷത്തിനിടെ ജിഡിപി വളർച്ച ആറു മടങ്ങു വര്‍ദ്ധിച്ചു. ഡിജിറ്റൽ മേഖലയിലെ വളർച്ചയാണ് സാമ്പത്തിക മേഖലയിൽ ഗുണം ചെയ്തത്. ശക്തവും വികാസനോന്മുഖവുമായ ഇന്ത്യ ലോകത്തിനു മുന്നിൽ വൻ അവസരമാണ് ഒരുക്കുന്നതെന്നും സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറം പ്ലീനറി സമ്മേളനത്തിൽ സംസാരിക്കവെ മോദി വ്യക്തമാക്കി.
ലോകം നേരിടുന്ന മൂന്നു വലിയ വെല്ലുവിളികള്‍ കാലാവസ്ഥാ വ്യതിയാനവും ഭീകരവാദവും സ്വാർഥതയുമാണ്. ഭീകരവാദം ആപൽക്കരമാണ്. നല്ല ഭീകരവാദമെന്നും ചീത്ത ഭീകരവാദമെന്നും പറയുന്നതാണ് ഏറ്റവും വലിയ അപകടം. യുവാക്കൾ ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടരാകുന്നത് വേദനിപ്പിക്കുന്നു. ഐക്യത്തിലും അഖണ്ഡതയിലുമാണ് ഇന്ത്യ എപ്പോഴും വിശ്വസിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ എല്ലാവര്ക്കും വികസനം എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞ. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം എന്നതാണ് ഞങ്ങളുടെ മുദ്രാ വാക്യം. ഇന്നത്തെ ഇന്ത്യ പിന്തുടരുന്നത് ഗാന്ധിയൻ ആദർശങ്ങൾ ആണെന്നും മോദി ദാവോസിൽ പറഞ്ഞു.