Last Modified ചൊവ്വ, 30 ഏപ്രില്‍ 2019 (09:57 IST)
പുരാണ കഥകളിൽ പരാമർശിക്കപ്പെടുന്ന മഞ്ഞുമനുഷ്യൻ 'യതി'യുടെ കാൽപ്പാടുകൾ കണ്ടതായി ഇന്ത്യൻ സേന. നേപ്പാള്‍ അതിർത്തിയോട് ചേർന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്ത് നിന്ന് പകർത്തിയ കാൽപാടിന്റെ ചിത്രങ്ങളും സേന പുറത്ത് വിട്ടിട്ടുണ്ട്.പുരാണങ്ങളിലും നാടോടിക്കഥകളിലും പരാമര്‍ശിക്കുന്ന പകുതി മനുഷ്യനും പകുതി മൃഗവുമായ മഞ്ഞിൽ ജീവിക്കുന്ന യതിയെ കണ്ടതായി പലരും അവകാശം വാദം ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ യതി ഒരു സങ്കൽപ്പം മാത്രമാണോ അതോ യാഥാർഥ്യമോ എന്ന കാര്യത്തിൽ ഇപ്പോഴും തർക്കമുണ്ട്.ഇന്ത്യൻ ആർമി പർവതാരോഹണ-നിരീക്ഷക സംഘമാണ് കാൽപ്പാടിന്റെ ചിത്രങ്ങൾ പകർത്തിയത്. ഹിമാലയത്തിലെ മക്കാലു-ബാരുണ്‍ നാഷണല്‍ പാര്‍ക്കിനടുത്താണ് 35X15 വിസ്താരമുള്ള കാല്‍പ്പാദങ്ങള്‍ കണ്ടെത്തിയതെന്നാണ് ആര്‍മിയുടെ അവകാശവാദം. ഇതിന്റെ ചിത്രങ്ങളും ആര്‍മി പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് ഒറ്റക്കാല്‍ മാത്രമേയുള്ളൂ.
എന്നാല്‍ ഇത് ഹിമക്കരടികളുടെ വ്യത്യസ്ത ഇനത്തില്‍ പെട്ടതാണ് എന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇത്തരത്തില്‍ 2017-ല്‍ പുറത്തിറങ്ങിയ ഒരു പഠനം പറയുന്നത് ഒന്നുകില്‍ ഏഷ്യന്‍ ബ്ലാക്ക് ബിയര്‍, ടിബറ്റന്‍ ബ്രൗണ്‍ ബിയര്‍ അല്ലെങ്കില്‍ ഹിമാലയന്‍ ബ്രൗണ്‍ ബിയര്‍ എന്നിവയിലൊന്നാണ് ഇതെന്നാണ്. ഇത്തരം കരടികളില്‍ ഈ മിത്തുക്കളില്‍ പറയുന്ന യതിയുടെ ജൈവിക സവിശേഷതകള്‍ കാണാന്‍ കഴിയുമെന്നാണ് തങ്ങളുടെ പഠനങ്ങള്‍ പറയുന്നതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ബഫലോ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിലെ അസോസിയേറ്റ് പ്രൊഫസറും ശാസ്ത്രജ്ഞനുമായ ഷാര്‍ലെറ്റ് ലിന്‍ഡ്ക്വിസ്റ്റ് പറയുന്നു.