എന്‍ ഡി തിവാരിയുടെ മകനെ കഴുത്തുഞെരിച്ച് കൊന്നത് ഭാര്യ, മദ്യലഹരിയിലായതിനാല്‍ എതിര്‍ക്കാനായില്ല

Rohit Shekhar Tiwari, Uttar Pradesh, ND Tiwari, Apoorva Shukla Tiwari, എന്‍ ഡി തിവാരി, രോഹിത് ശേഖര്‍, അപൂര്‍വ
ന്യൂഡല്‍ഹി| Last Modified ബുധന്‍, 24 ഏപ്രില്‍ 2019 (20:25 IST)
മുന്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിനെ‍(40) കൊലപ്പെടുത്തിയത് ഭാര്യ. താനാണ് കൃത്യം ചെയ്തതെന്ന് ഭാര്യ അപൂര്‍വ സമ്മതിച്ചു. മദ്യലഹരിയിലായിരുന്ന രോഹിതിനെ അപൂര്‍വ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യം കഴിച്ചിരുന്നതിനാല്‍ രോഹിത്തിന് ഭാര്യയോട് ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നതിനാല്‍ ശാരീരികമായി രോഹിത് ദുര്‍ബലനുമായിരുന്നു.

അപൂര്‍വയെയും വീട്ടുജോലിക്കാരെയും നിരന്തരം ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്‍റെ ഞെട്ടിക്കുന്ന രഹസ്യം പുറത്തായത്. വിവാഹബന്ധത്തിലെ പൊരുത്തക്കേടുകളാണ് രോഹിത്തിനെ ഭാര്യ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിണ് ശേഷം തെളിവ് നശിപ്പിക്കാന്‍ ഭാര്യ ശ്രമിച്ചിരുന്നു. രോഹിത്തിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ‘അസ്വാഭാവിക മരണം’ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

രോഹിത്തിനെ ബലം‌പ്രയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിരുന്നു. തലയണ മുഖത്ത് അമര്‍ത്തിവച്ച് ശ്വാസം മുട്ടിച്ച് രോഹിത്തിനെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് കണക്കുകൂട്ടി.

ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചത്. ഈ മാസം 16ന് പുലര്‍ച്ചെ 1.30നാണ് രോഹിത്തിന്‍റെ മരണം സംഭവിച്ചത്. അതിന് ശേഷം 15 മണിക്കൂറോളം മൃതദേഹം വീടിനുള്ളില്‍ തന്നെ കിടന്നു. പിറ്റേദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്. ഏപ്രില്‍ 15ന് വീട്ടിലേക്ക് കടന്നുവരുന്ന രോഹിത്തിന്‍റെ ദൃശ്യം സി സി ടി വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. രോഹിത് മദ്യപിച്ചിരുന്നതായും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. അടുത്ത ദിവസം വൈകുന്നേരം നാലുമണി വരെയും ‘ഉറങ്ങിക്കിടന്ന’ രോഹിത്തിനെ ആരും ഉണര്‍ത്താന്‍ ശ്രമിച്ചില്ല എന്നത് പൊലീസിന് ആദ്യമേ സംശയം തോന്നാന്‍ കാരണമായി.

മൂക്കില്‍ നിന്ന് രക്തം ഒഴുകുന്ന നിലയില്‍ വൈകുന്നേരം നാലുമണിയോടെയാണ് രോഹിത്തിന്‍റെ ശരീരം കണ്ടതെന്നും സാകേതിലെ മാക്സ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവര്‍ മരണം സ്ഥിരീകരിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ട്.

ഏറെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് താന്‍ എന്‍ ഡി തിവാരിയുടെ മകനാണ് എന്ന സത്യം തെളിയിക്കാന്‍ രോഹിത്തിന് കഴിഞ്ഞത്. ആ നിയമയുദ്ധത്തിലൂടെയാണ് രോഹിത് അറിയപ്പെട്ടതും. കഴിഞ്ഞ വര്‍ഷം ഒക്‍ടോബര്‍ 18നാണ് എന്‍ ഡി തിവാരി അന്തരിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :