മോഡി ഒരു വള്ളപ്പാട് മുന്നിലെത്തി

ന്യൂയോര്‍ക്ക്| VISHNU.NL| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (09:47 IST)
ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇത്തവണ നേടുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആയിരിക്കുമോ എന്ന് ഇന്നറിയാം.
മാഗസിന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ വ്യ്ക്തമായ ഭൂരിപക്ഷമാണ് മോഡിക്കുള്ളത്. മോഡിക്കു 16.2 ശതമാനവും രണ്ടാം സ്ഥാനത്തുള്ള ഫെര്‍ഗൂസന്‍ പ്രതിഷേദക്കാര്‍ക്ക് 9.2 ശതമാനം വോട്ടുമാണു ലഭിച്ചത്. വോട്ടെടുപ്പു ഫലം അനുകൂലമാണെങ്കിലും പുരസ്‌കാരം മോഡിക്കുതന്നെ ലഭിക്കുമോ എന്ന കാര്യം അന്തിമ പ്രഖ്യാപനത്തിനുശേഷമേ അറിയാനാകൂ.

അന്തിമ തീരുമാനം പത്രാധിപ സമിതിയുടേതായതിനാല്‍ മോഡിക്ക് പുരസ്കാരം ലഭിക്കാന്‍ കൂടുതല്‍ സാധ്യത ഉണ്ട് എന്ന് മാത്രമേ കരുതാനാകു. അതിനാല്‍തന്നെ അന്തിമ പ്രഖ്യാപനം ഇന്നു വരുംവരെ കാത്തിരിക്കേണ്ടി വരും. വാര്‍ത്തകളെ ഏറ്റവുമധികം സ്വാധീനിക്കുകയും ജനങ്ങളുടെയിടയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ആളെയാണ് വിജയിയായി പ്രഖ്യാപിക്കുക.

വാര്‍ത്തയെ നല്ലതും ചീത്തയുമായ രീതിയില്‍ സ്വാധീനിച്ച വ്യക്തിക്ക് 1927 മുതല്‍ നല്‍കിവരുന്ന പുരസ്‌കാരമാണ് ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്. ഈ വര്‍ഷത്തെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ സ്ഥാനത്തേക്ക് 50 പേരുടെ പട്ടികയാണ് ഉണ്ടായിരുന്നത്. രാഷ്ട്രീയ നേതാക്കള്‍, ബിസിനസ്സുകാര്‍, പോപ്പ് ഐക്കണുകള്‍ തുടങ്ങിയവരാണ് പട്ടികയില്‍ ഇടം പിടിച്ചത്.

ആദ്യഘട്ടത്തില്‍ മോഡിക്കു മുന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും സമാധാന നൊബേല്‍ ജേതാവ് മലാല യൂസഫ് സായിയുമൊക്കെ ഉണ്ടായിരുന്നെങ്കിലും അന്തിമ ഘട്ടത്തോട് അടുക്കുമ്പോഴേക്കും ഇവരെയെല്ലാം മറികടന്ന് മോഡി ഒന്നാമതെത്തുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് മോഡിയെ ഏഷ്യന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം തേടിയെത്തിയത്. സ്‌ട്രെയിറ്റ് ടൈംസിന്റെ പ്രസാധകരായ സിംഗപ്പൂര്‍ പ്രസ് ഹോള്‍ഡിങ്‌സ് ലിമിറ്റഡാണ് മോഡിയെ ഏഷ്യന്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തത്. ടൈം മാഗസിന്റെ പുരസ്കാരം ലഭിക്കുകയാണെങ്കില്‍ ഒരേപോലെയുള്ള രണ്ട് പുരസ്കാരങ്ങള്‍ ലഭിക്കുക എന്ന അപൂര്‍വ്വതയും മോഡിക്ക് സ്വന്തമാകും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :