ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (08:43 IST)
തീവ്ര ഹിന്ദുത്വ നിലപാടുകള്‍ പ്രഖ്യാപിച്ച് മോഡി സര്‍ക്കാരിനെ വെട്ടിലാക്കിയ സ്വാധി നിരഞ്ജന്‍ ജ്യോതി വിവാദം കെട്ടടങ്ങും മുമ്പ് അടുത്ത വെടിപൊട്ടിച്ച് കേന്ദ്രമന്ദ്രി സുഷമാ സ്വരാജ് രംഗത്ത്. ഹിന്ദുക്കള്‍ പുണ്യ ഗ്രന്ഥമായി കരുതുന്ന ഭഗവദ് ഗീതയെ ദേശീയ ഗ്രന്ഥമാക്കണമെന്നാണ് സുഷമ ആവശ്യപ്പെട്ടിരിക്കുന്നത്.

ചെങ്കോട്ടയില്‍ ഗീതാ പ്രേരണ മഹോത്സവത്തില്‍ സംസാരിക്കവെയായിരുന്നു സുഷമയുടെ അഭിപ്രായപ്രകടനം. ഭഗവദ്ഗീതയുടെ 5151-)ം വാര്‍ഷികം ആഘോഷിക്കാനായിരുന്നു ചടങ്ങ്. ഇതിനിടെയാണ് മന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഇതിനായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും നടപടിക്രമങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും അവര്‍ പറഞ്ഞു.

ഗീത വായിച്ചതുകൊണ്ടാണ് ജീവിതത്തിലെ നിരവധി പ്രശ്‌നങ്ങള്‍ തനിക്ക് തരണംചെയ്യാന്‍ കഴിഞ്ഞത്. പ്രധാനമന്ത്രി മോദി, അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഭഗവദ് ഗീത അടുത്തിടെ സമ്മാനിച്ചിരുന്നു. ഔദ്യോഗികമായ പ്രഖ്യാപനമുണ്ടായില്ലെങ്കില്‍പ്പോലും ഒബാമയ്ക്ക് കൈമാറുന്നതിലൂടെ തന്നെ പുസ്തകത്തിന് അത്തരമൊരു ദേശീയ പദവി കൈവന്നു. ഗീതയില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരമുണ്ട്. അതിനാലാണ് ദേശീയഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. ഗീത വായിച്ചാല്‍ എല്ലാ വിഷാദങ്ങളും മാറും- സുഷമ പറഞ്ഞു.

എന്നാല്‍, ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തുവന്നു. ജനാധിപത്യ, മതേതര രാജ്യമായ ഇന്ത്യയില്‍ ഏതെങ്കിലും മതത്തിന്റെ പുസ്തകം ദേശീയഗ്രന്ഥമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്. നമ്മുടേത് മതേതര രാജ്യമാണ്. ഭരണഘടനയാണ് ജനാധിപത്യത്തിന്റെ വിശുദ്ധഗ്രന്ഥം. എല്ലാ മതഗ്രന്ഥങ്ങളെയും നാം ബഹുമാനിക്കണം- തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ 'ട്വിറ്റര്‍' സന്ദേശത്തില്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :