ചതുഷ്കോണ മത്സരത്തില്‍ മറാത്ത മണ്ണ് ബിജെപി പിടിച്ചെടുക്കുമോ?

മുംബൈ| VISHNU.NL| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (16:27 IST)
മഹാരാഷ്ട്രയിലെ രണ്ടു പ്രമുഖ സഖ്യങ്ങള്‍ തകര്‍ന്നതോടെ തീപാറുന്ന ചതുഷ്കോണമത്സരം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് ഉറപ്പായി. അതിനിടെ ആരും സഖ്യങ്ങള്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് പ്രവചനങ്ങള്‍ പറയുന്നു. നിലവില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യമാണ് ഭരിക്കുന്നത്. എന്നാല്‍ സഖ്യം തകര്‍ന്നതോടെ രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെട്ട് ബുജെപി ഗവര്‍ണ്ണറിനേ കണ്ടിരുന്നു.

കൂടാതെ ഭരണ വിരുദ്ധ നിലപാടുകള്‍ സജീവമായതിനാല്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് മേല്‍ക്കൈ ലഭികാനും ഇടയുണ്ട്. എന്നാല്‍ പ്രതിപക്ഷത്തേ ബിജെപി- സഖ്യം തകര്‍ന്നതിനാല്‍ മഹാരാഷ്ട്രയില്‍ ചതുഷ്കോണ മത്സരമാണ് നടക്കന്‍ പോകുന്നത്. തര്‍ക്കവും ജനപ്രീതിയില്‍ ഉണ്ടായ ഇടിവും കാരണം കോണ്‍ഗ്രസ്- എന്‍സിപി ഭരണത്തിനെതിരെ ജനവികാരം ശക്തമായിരുന്നു. അതിനാല്‍ ഒന്നിച്ചുനിന്നാല്‍ ശിവസേനാ-ബിജെപി കൂട്ടുകെട്ട് മുബൈയിലെ അധികാര കേന്ദ്രത്തിലെത്തുമെന്നും ഉറപ്പായിരുന്നു.

എന്നാല്‍ സേനയുടെയും ബിജെപിയുടെയും കടും‌പിടുത്തം ഈ സഖ്യവും തകര്‍ത്തു. എന്നാല്‍ ബിജെപി വ്യക്തമായ ലക്ഷ്യത്തൊടെയാണ് സഖ്യത്തില്‍ നിന്ന് പിന്‍‌വാങ്ങിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48ല്‍ 23 സീറ്റും ബിജെപിയാണ് നേടിയത്. ശിവസേനയ്ക്ക് 18 സീറ്റേ കിട്ടിയുള്ളൂ. ഈ കണക്കുകളാണ് സഖ്യം വിടാന്‍ ബിജെപിയെ സജ്ജമാക്കിയത്.
കൂടാതെ ബിജെപി അനുകൂല സാഹചര്യം ഇപ്പോഴും സംസ്ഥാനത്ത് നിലനില്‍ക്കുന്നതായാണ് പാര്‍ട്ടി ശേഖരിച്ച വിവരങ്ങള്‍ പറയുന്നത്.

നാല് പ്രബല കക്ഷികള്‍ ഏറ്റുമുട്ടുമ്പോള്‍ വോട്ടുകള്‍ ഭിന്നിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം പരമാവധി അനുകൂലമാക്കാന്‍ ബിജെപിക്കു കഴിയുമെന്നതാണ് രാഷ്ട്രീയ നിരീക്ഷണങ്ങള്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ സാധ്യതയുണ്ട്.
ഈ ലക്ഷ്യത്തിലെത്തിയാല്‍ ശിവസേനയെ തന്നെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കാന്‍ സാധ്യതയുണ്ട്. 135 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിജെപിയുടെ ലക്ഷ്യം. ബാക്കി സീറ്റുകള്‍ ചെറുപാര്‍ട്ടികള്‍ക്കായി നല്‍കും.

ഉദ്ദവ് താക്കറെയുടെ ശിവസേനയും രാജ് താക്കറെയുടെ എംഎന്‍എസും തീവ്രപക്ഷത്തിന്റെ വോട്ട് വീതിക്കുമെന്നതിനാല്‍ സേനയ്ക്ക് വലിയൊരു ക്ഷീണമാകും ഉണ്ടാകാന്‍ പോകുന്നത്. ഭരണവിരുദ്ധ വികാരമുള്ളതിനാല്‍ കൊണ്‍ഗ്രസിനും എന്‍സിപിക്കും പല സീറ്റുകളും നഷ്ടപ്പെടും. ദേശീയ പ്രസിഡന്റ് അമിത് ഷായും കേന്ദ്ര നഗര വികസന മന്ത്രി നിതിന്‍ ഗഡ്ഗരിയും പ്രചാരണ രംഗത്ത് എത്തിയേക്കുമെന്നാണ് കരുതുന്നത്.

മറാത്താക്കാരുടെ മനസ്സിനെ ഇളക്കി മറിക്കാന്‍ ഈ നേതാക്കള്‍ക്കായാല്‍ മറാത്താ രാഷ്ട്രീയം ബിജെപിയുടെ കൈയിലാകുമെന്നാണ് നിരീക്ഷകരുടെ പക്ഷം. എന്നാല്‍ മറാത്തയുടെ മനസ്സ് എങ്ങോട്ടാണ്എന്നതിനേക്കുറിച്ച് ആര്‍ക്കും ഒരു എത്തും പിടിയുമില്ല. നാല് മാസമുമ്പ് നടന്ന തീപാറും പോരാട്ടത്തില്‍ ജയിച്ചതാരെന്ന് ഒക്ടോബര്‍ 15ന് മറത്താക്കാര്‍ വിധിയെഴുതും.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :