ജീവനക്കാരെ കൊലപ്പെടുത്തിയ പത്രാധിപര്‍ക്ക് ജീവപര്യന്തം തടവ്

അഗര്‍ത്തല(ത്രിപുര)​| Last Modified വെള്ളി, 18 ജൂലൈ 2014 (08:00 IST)
സ്വന്തം പത്ര സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെ കൊലപ്പെടുത്തിയ കേസില്‍ 'ദൈനിക് ഗണദൂത്' പത്രാധിപര്‍ സുശീല്‍ചൗധരിക്ക് ജീവപര്യന്തം തടവ്. ത്രിപുര കോടതിയാണ് വിധി പ്രഖ്യാപിച്ചത്. അഗര്‍ത്തലയില്‍ കഴിഞ്ഞ വര്‍ഷം മേയ് 19നാണ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ദൈനിക് ഗണദൂത് പത്രത്തിന്റെ ഓഫീസില്‍ കൂട്ടക്കൊലപാതം നടന്നത്. സ്ഥാപനത്തിലെ മാനേജര്‍‍,​ പ്രൂഫ് റീഡര്‍,​ ഡ്രൈവര്‍ എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. 76കാരനായ പ്രതിയുടെ പ്രായം കണക്കിലെടുത്താണ് വധശിക്ഷയില്‍നിന്നും ഇളവു നല്‍കുന്നതെന്ന് കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. പ്രതിക്ക് മരണം വരെ തടവ് ശിക്ഷയും അന്‍പതിനായിരം രൂപ പിഴയുമാണ് വിചാരണ കോടതി വിധിച്ചിരിക്കുന്നത്.

തന്റെ അനധികൃത ഭൂഇടപാടുകള്‍ സമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തുമെന്ന് സുശീല്‍ചൗധരിയെ മാനേജര്‍ രഞ്ജിത് ഭീഷണിപ്പെടുത്തിയതാണ്
കൊലപാതകത്തിനു കാരണം.മാനേജറെ വകവരുത്താന്‍ സുശീല്‍ചൗധരി ഡ്രൈവര്‍ ബല്‍റാം ഘോഷുമായി ഗൂഡാലോചന നടത്തി. സംഭവ ദിവസം ഓഫീസിലെത്തിയ ഘോഷ് കൈയ്യില്‍കരുതിയിരുന്ന കത്തികൊണ്ട് മാനേജറെ കുത്തി വീഴുത്തുകയായിരുന്നു.
എന്നാല്‍ സംഭവം കണ്ടുകൊണ്ടുവന്ന പ്രൂഫ് റീഡര്‍രക്ഷപ്പെടാന്‍ ശ്രമിച്ച ഘോഷിനെ പിടിച്ചുവെച്ചു. തുടര്‍ന്ന് പരസ്പരം പിടിവലിയുണ്ടാകുകയും കുത്തിവീഴ്ത്തുകയുമായിരുന്നു.

പുറത്തുനിന്നു വന്ന അജ്ഞാത സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ചൗധരി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഓഫീസിനുള്ളില്‍ ഉള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ പൊലീസിന് മനസിലായി. തുടര്‍ന്നാണ് ചൗധരി പിടിയിലാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :