ലാലുവിന്റെ മകന് നാവു പിഴച്ചു, അപേക്ഷിതിനു പകരം ‘ഉപേക്ഷിത്’

പാട്‌ന| JOYS JOY| Last Modified വെള്ളി, 20 നവം‌ബര്‍ 2015 (18:32 IST)
ബിഹാറില്‍ നിതിഷ് കുമാര്‍ സര്‍ക്കാര്‍ നിലവില്‍ വന്നു. ലാലു പ്രസാദ് യാദവിന്റെ രണ്ടു മക്കളും നിതീഷ് കുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. തേജസ്വി പ്രസാദ് യാദവും, തേജ് പ്രതാപ് യാദവുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍, ലാലുവിന്റെ ഇളയ മകനായ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. തേജ് പ്രതാപ് ഏത് വകുപ്പിന്റെ മന്ത്രിയായിരിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

എങ്കിലും, സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞതോടെ വാര്‍ത്തകളില്‍ ഇടം നേടിയത് ലാലുവിന്റെ മൂത്ത മകനായ തേജ് പ്രതാപ് യാദവാണ്. സത്യപ്രതിജ്ഞ ചടങ്ങില്‍ നാവു പിഴച്ചതാണ് തേജ് പ്രതാപിന് വിനയായത്. 28കാരനായ തേജ് പ്രതാപ് സത്യപ്രതിജ്ഞ വാചകത്തിനിടയില്‍ ‘അപേക്ഷിത്’ എന്നുള്ളത് ‘ഉപേക്ഷിത്’ എന്ന് പറയുകയായിരുന്നു. തുടര്‍ന്ന്, ഗവര്‍ണര്‍ തിരുത്തി പറഞ്ഞുകൊടുത്ത് ശരിയായ വിധത്തില്‍ പറയിപ്പിക്കുകയായിരുന്നു.

അതേസമയം, തേജ് പ്രതാപിന്റെ ഇളയസഹോദരനായ തേജസ്വി യാദവ് കൃത്യമായും സ്‌ഫുടമായും സത്യപ്രതിജ്ഞ ചെയ്തു. തേജ് പ്രതാപിനും നിതിഷ് കുമാര്‍ മന്ത്രിസഭയില്‍ ഉന്നതവകുപ്പ് തന്നെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തേജ് പ്രതാപ് മഹുഅ മണ്ഡലത്തില്‍ നിന്ന് 28,155 വോട്ടിന്റെ ഭൂരിപക്ഷത്തിനും അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ തേജസ്വി രാഘോപുര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്ന് 22,733 വോട്ടിന്റെ ഭൂരിപക്ഷത്തിനുമായിരുന്നു ജയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :