പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും; പ്രതിഷേധം അതിരു കടന്നാല്‍ നടപടിയെന്ന് സ്പീക്കര്‍

ലളിത് മോഡി , പാര്‍ലമെന്റ് , വ്യാപം അഴിമതി , സിപിഎം
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 23 ജൂലൈ 2015 (08:08 IST)
ലളിത് മോഡി, വ്യാപം അഴിമതി വിഷയങ്ങളില്‍ പാര്‍ലമെന്റ് മൂന്നാം ദിനവും പ്രക്ഷുബ്ധമാകും. അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരുടെ രാജിയല്ലാതെ മറ്റ് ഒരു തരത്തിലുള്ള സമവായത്തിനും തയ്യാറാകേണ്ടതില്ലെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം, സോളാര്‍ അഴിമതി ഉള്‍പ്പടെ കോണ്‍ഗ്രസ് മന്ത്രിമാരുടെ അഴിമതികള്‍ ഉന്നയിച്ച് പ്രതിഷേധത്തെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ലളിത് മോഡി വിവാദം, വ്യാപം അഴിമതി വിഷയങ്ങളില്‍ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസും സിപിഎമ്മും നോട്ടീസ് നല്‍കും. ചോദ്യോത്തരവേള തടസ്സപ്പെടുത്തി പ്രമേയ അവതരണത്തിന് അനുമതി നല്‍കാനാവില്ലെന്ന നിലപാട് തന്നെ സ്പീക്കര്‍ സ്വീകരിച്ചാല്‍ സഭാനടപടികള്‍ സ്തംഭിക്കും. പ്രതിഷേധം അതിരു കടന്നാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ചര്‍ച്ചയല്ല രാജിയാണ് വേണ്ടതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം. ചര്‍ച്ച അന്വേഷണത്തിന് ബദലല്ലെന്നും ആരോപണ വിധേയരായവരെ മാറ്റി നിര്‍ത്തി കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് സിപിഐഎമ്മിന്റെ ആവശ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :