ജി സാറ്റ് - 6വിക്ഷേപണം; കൌണ്ട് ഡൌണ്‍ ആരംഭിച്ചു

ശ്രീഹരിക്കോട്ട| VISHNU N L| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (13:03 IST)
വാര്‍ത്താവിനിമയ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടേക്കാവുന്ന പുതിയ അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി സാറ്റ് 6 വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ.
വിക്ഷേപണത്തിന്റെ കൌണ്ട് ഡൌണ്‍ ഇന്ന് രാവിലെ 11.52ന് ആരംഭിച്ചു. 29 മണികൂറുകള്‍ നീണ്ടു നില്‍ക്കുന്ന കൌണ്ട് ഡൌണിനു ശേഷം 27ന് വൈകീട്ട് 4.52 ന് ആന്ധ്രാപ്രദേശിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന്‍ ഉപഗ്രഹം വിക്ഷേപിക്കും.

എസ് ബാന്റിലുള്ള ഏറ്റവും വിടര്‍ന്ന ആന്റിനയാണ് ജി സാറ്റ് 6 ന്റെ ഏറ്റവും വലിയ പ്രത്യേകത. ഐഎസ്ആര്‍ഒ ഇതുവരെ വികസിപ്പച്ചെടുത്തതില്‍ ഏറ്റവും വലിയ ആന്റിന കൂടിയാണിത്. ലോകത്തിന്റെ ഏത് കോണിലിരുന്നും ഏറ്റവും ചെറിയ വിവരസാങ്കേതിക ഉപകരണം വഴിയും വാര്‍ത്താവിനിമയം സാധ്യമാകും എന്നതാണ് ഈ ആന്റിനയുടെ ഏറ്റവും വലിയ പ്രത്യേകത.

2117 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്
250 കോടി രൂപയാണ് ചിലവായത്. ഐഎസ്ആര്‍ഒയുടെ ഇരുപത്തിയഞ്ചാമത്തെ ജിയോസ്‌റ്റേഷനറി കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റാണ് ജി സാറ്റ് 6. ജിഎസ്എല്‍വി ഡി 6 റോക്കറ്റായിരിക്കും ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കുക. ഏഴുവര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :