ന്യൂഡൽഹി|
VISHNU N L|
Last Modified വെള്ളി, 5 ജൂണ്‍ 2015 (15:29 IST)
ഈമാസം 21ന് രാജ്യാന്തര യോഗ ദിനത്തിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളെച്ചൊല്ലി വിവാദങ്ങള്‍ കൊഴുക്കുന്നു. അന്നേദിവസം നിര്‍ബന്ധിതമായി സ്കൂളുകള്‍ പ്രവര്‍ത്തിക്കണമെന്നും എല്ലാ കുട്ടികളും നിര്‍ബന്ധിതമായി യോഗ ചെയ്യണമെന്നുമുള്‍ല ബിജെപി സര്‍ക്കാരുകളുടെ തീരുമാനമാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.
അവധി ദിവസമായ 21 ന് സ്കൂളുകള്‍ തുറന്നുപ്രവർത്തിക്കണമെന്നും വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതമായും യോഗാഭ്യാസം നടത്തണമെന്നുമുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ തീരുമാനമാണ് വിവാദമായത്. പരിപാടി നിര്‍ബന്ധിതമാക്കരുതെന്നും യോഗ ഇസ്‍ലാമിക വിശ്വാസങ്ങള്‍ക്കു യോജിച്ചതല്ലെന്നും വിവധ മുസ്‍ലിം സംഘടനകള്‍ അഭിപ്രായപ്പെടുന്നു. എന്നാൽ യോഗയെ മതവിശ്വാസങ്ങളുമായി ബന്ധപ്പെടുത്തരുതെന്ന് ബിജെപി പ്രതികരിച്ചു.
നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഇടപെടലുകളെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 21 രാജ്യാന്തര യോഗാദിനമായി പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ അന്നേദിവസം വന്‍ പരിപാടികളാണ് കേന്ദ്രസര്‍ക്കാരും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളും ആസൂത്രണം ചെയ്തിട്ടുള്ളത്. 45,000 ലധികം ജനങ്ങളെ ഉള്‍പ്പെടുത്തി ഡല്‍ഹിയിലെ രാജ്പഥില്‍ നടക്കുന്ന യോഗാഭ്യാസ പ്രകടനമാണ് ഇതില്‍ പ്രധാനം.
പ്രധാനമന്ത്രി നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന പരിപാടിയില്‍ രാജ്നാഥ് സിങ് ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും അമിതാഭ് ബച്ചനുള്‍പ്പെടെയുള്ള സിനിമ താരങ്ങളും വിരാട് കോഹ്‍ലിയടക്കമുള്ള കായികതാരങ്ങളും യോഗാസനങ്ങള്‍ ചെയ്യും. അതേസമയം പരിപാടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പരിപാടി ജനങ്ങളെ പറ്റിക്കാനുള്ള മോഡിയുടെ പതിവ് ശ്രമമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. എന്നാല്‍ രാഹുല്‍ഗാന്ധി, സോണിയാഗാന്ധി, അരവിന്ദ് കേജ്‍രിവാള്‍ എന്നിവരെ പരിപാടിയിലേക്ക് മോഡി ക്ഷണിച്ചിട്ടുണ്ട്.