മോഡിയുടെ മാനസികനില തകരാറിലെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി| VISHNU N L| Last Modified വ്യാഴം, 4 ജൂണ്‍ 2015 (19:28 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്ത്. രാജ്യസഭയിലെ കോൺഗ്രസ് ഡെപ്യൂട്ടി ലീഡർ ആനന്ദ് ശർമയാണ് മൊഡിയേയും ബിജെപിയേയും വിമര്‍ശിച്ച് രംഗത്ത് വന്നത്. മോഡിയുടെ മാനസിക നില തകരാറിലാണെന്നാണ് ശര്‍മ്മ അഭിപ്രായപ്പെട്ടത്. 'ആദ്യമായി ഈ രാജ്യം' എന്ന പ്രയോഗം മോഡിയുടെ പതിവു ശൈലിയായി മാറിയെന്ന് അദ്ദേഹം തുറന്നടിച്ചു.

ഈ പ്രയോഗത്തിൽ ഒട്ടും സത്യമില്ലെന്നതാണ് വസ്തുത. 2014 മെയ് 16നു മുമ്പ് രാജ്യം നിലവിലില്ലെന്നാണോ അദ്ദേഹം പ്രസ്താവിക്കുന്നത്. ദേശത്തിന് ജാള്യയുളവാക്കിയ പല പരാമർശങ്ങളും വിദേശത്ത് മോദി നടത്തി. പ്രധാനമന്ത്രി ദശാബ്ദങ്ങളായി ഇന്ത്യ കൈവരിച്ച പുരോഗതിയെ അംഗീകരിക്കത്തക്ക നിലയിലല്ല. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തിൽ സ്വീകരിക്കപ്പെടുന്നതെന്ന് അദ്ദേഹം യു.എസ് പര്യടനവേളയിൽ മോഡി നടത്തിയ പ്രസ്താവനയെ പരിഹസിച്ച ശർമ വർഷങ്ങൾക്ക് മുമ്പ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെയും യുഎസ് പ്രസിഡന്റ് വ്യക്തിപരമായി സ്വാഗതം ചെയ്തതായി ഓർമിപ്പിച്ചു.

എന്നാൽ ശർമയുടെ പ്രസ്താവനകൾ രാജ്യത്തിന്റെ അന്തസ് കുറയ്ക്കുമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ആനന്ദ് ശർമയെ പോലുള്ള മുതിർന്ന നേതാവ് പ്രധാനമന്ത്രിയെക്കുറിച്ച് ഇത്തരത്തിലുള്ള വാക്കുകൾ പ്രയോഗിച്ചത് തന്നെ ഞെട്ടിച്ചതായി ബി.ജെ.പി വക്താവ് സാംബിത് പത്ര പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :