‘ഇന്ത്യയുടെ പൈതൃകം ജനാധിപത്യം; രാജ്യത്തിന്റെ ശേഷിയില്‍ പൂര്‍ണവിശ്വാസം’

Last Updated: ശനി, 4 ജനുവരി 2020 (17:39 IST)
ഇന്ത്യയുടെ പൈതൃകം ജനാധിപത്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി സി‌എ‌ന്‍‌എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഡി. സാമ്പത്തിക വികസനത്തിനും മുന്നേറ്റത്തിനും മറ്റൊരു രാജ്യത്തെയും മാതൃകയാക്കേണ്ട ആവശ്യം ഇന്ത്യയ്ക്കില്ലെന്നും ജനാധിപത്യവും 125 കോടി ജനങ്ങളുടെ സംരഭകത്വ വാഞ്ഛയും മതി രാജ്യത്തെ അതിവേഗത്തില്‍ വളര്‍ച്ചയിലേക്കു നയിക്കാനെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യവസാനം വാക്ചാതുരിയും ബുദ്ധിപരവുമായാണ് പ്രധാനമന്ത്രി ഓരോചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയത്. ഒഴിവു സമയം എന്താണ് ചെയ്യാറെന്ന് ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഏറെ ശ്രദ്ധേയം. 'നോക്കൂ, ഞാന്‍ ജോലി ചെയ്യാതെ ഇരിക്കുന്ന ടൈപ്പല്ല. ജോലിയില്‍ നിന്ന് ആനന്ദം കണ്ടെത്തുന്നയാളാണ്. എന്റെ വിശ്രമവും ജോലി തന്നെയാണ്. ഓരോ നിമിഷവും ഞാന്‍ പുതിയ പദ്ധതികളേയും ആശയങ്ങളേയും പ്രവര്‍ത്തന രീതികളേയും കുറിച്ചാണ് ചിന്തിക്കുന്നത്.'

ഇന്ത്യയ്ക്ക് മറ്റെന്തെങ്കിലും ആകേണ്ട ആവശ്യമില്ല. ഇന്ത്യ മാത്രമെ ആകൂ. ഒരുകാലത്ത് സ്വര്‍ണപ്പക്ഷി എന്നു വിളിക്കപ്പെട്ടിരുന്ന രാജ്യമാണിത്. മുമ്പുണ്ടായിരുന്ന ഉയരത്തില്‍ നിന്നും താഴേക്ക് പതിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ വീണ്ടും ഉയരാനുള്ള അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യമില്ലെങ്കില്‍ തന്നെ പോലൊരാളിന് ഇവിടെ പ്രധാനമന്ത്രിയാകാന്‍ കഴിയുമായിരുന്നില്ല എന്നായിരുന്നു ചൈനീസ് സര്‍ക്കാരിനുള്ള അധികാരങ്ങള്‍ ആസൂയപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് മോഡിയുടെ മറുപടി,

ഒരു ഉദാഹരണമാണെങ്കില്‍ ജനാധിപത്യ രാജ്യങ്ങള്‍ മറ്റൊരു ഉദാഹരമാണ്. ജനാധിപത്യത്തില്‍ വളര്‍ച്ച സാധ്യമല്ലെന്ന് നിങ്ങള്‍ക്ക് പറയാനാവില്ല. ജനാധിപത്യം ഞങ്ങളുടെ പ്രതിബദ്ധതയാണ്, പൈതൃകമാണ്. ഞങ്ങള്‍ക്കൊരിക്കലും വിട്ടുവീഴ്ച ചെയ്യാനാകാത്ത പൈതൃകമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

അവസാനത്തെ പത്ത് നൂറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയും ചൈനയും ഒപ്പത്തിനൊപ്പമാണ് വളര്‍ന്നതെന്ന് കാണാനാകും. ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് രണ്ടു രാജ്യങ്ങളും ഒരു പോലെ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഒരു പോലെ തകര്‍ച്ച നേരിട്ടിട്ടുമുണ്ട്. ഈ യുഗവും ഏഷ്യയുടേതാണ്. ഇന്ത്യയും ചൈനയും ഒന്നിച്ച് വളരെ വേഗത്തില്‍ വളരുന്നു. അതു കൊണ്ടാണ് ഇന്ത്യയ്ക്ക് ഇന്ത്യയായി തന്നെ നിലനില്‍ക്കേണ്ടി വരുന്നത്. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇന്ത്യയൊരിക്കലും പൈതൃകത്തെ കൈവിടില്ലെന്നും മോഡി വ്യക്തമാക്കി.

ഇന്ത്യക്കാരുടെ പരിധികളില്ലാത്ത കര്‍മശേഷി ഉപയോഗപ്പെടുത്താന്‍ തന്റെ പക്കല്‍
രൂപരേഖയുണ്ടെന്നും മോഡി പറഞ്ഞു. ചൈനയുടെ അയല്‍രാജ്യങ്ങളുമായുള്ള പെരുമാറ്റത്തെക്കുറിച്ചും മോഡിക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നു. 'ഇന്ത്യ വ്യത്യസ്തമാണ്. 125 കോടി ജനങ്ങളുടെ രാജ്യമാണിത്. ഓരോ നിസാര കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചാല്‍ നമുക്ക് രാജ്യത്തെ മുന്നോട്ട് നയിക്കാനാവില്ല. അതേസമയം പ്രശ്‌നങ്ങള്‍ നമുക്ക് കണ്ടില്ലെന്നും നടിക്കാനും കഴിയില്ല.'


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :