ഡെല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍; ബിജെപിക്ക് നിര്‍ണ്ണായകം

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (13:18 IST)
നിര്‍ണ്ണായകമായ ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി പകുതിയൊടെ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് തുടരുകയാണ്. അടുത്ത മാസം അഞ്ചിന് അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഇതിന് ശേഷമാകും തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുക. 12000 വോട്ടിംഗ് യന്ത്രങ്ങളാണ് ദില്ലിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യമായത്. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന ഹരിയാനയില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ ഡല്‍ഹിയിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ടെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ 23നും 26നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. ഫെബ്രുവരിയിലെ രണ്ടാമത്തെയോ മൂന്നാമത്തേയോ ആഴ്ചയില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് യോഗത്തില്‍ ധാരണയായത്. മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടക്കുന്നതിന് മുമ്പായി നിയമസഭ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ തീരുമാനം. അതേസമയം മുഖ്യ കക്ഷികളായ ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ തെരഞ്ഞെടുപ്പ് രംഗത്ത് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

ആം ആദ്മി പാര്‍ട്ടി റാലികളുമായി മുന്നേറുമ്പോള്‍ സോഷ്യല്‍ മീഡിയകള്‍, ഓണ്‍ലൈന്‍ സൈറ്റുകള്‍ എന്നിവയില്‍ കൂടി നഗരങ്ങളിലെ ഭൂരിപക്ഷം വരുന്ന ഇടത്തരക്കരില്‍ സ്വാധീനം ചെലുത്തനാണ് ബിജെപി ശ്രമം. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ റാലികള്‍, റേഡിയോ പരസ്യങ്ങള്‍ എന്നിവയില്‍ കൂടി എ‌എപിയും തൊട്ടുപിന്നാലെയുണ്ട്. കൂടാതെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് ഒരുമുഴം നീട്ടിയെറിഞ്ഞിരിക്കുകയാണ് എ‌എപി.

സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടികയുമായി കോണ്‍ഗ്രസും പ്രചാരണരംഗത്ത് സജീവമാകുന്നുണ്ട്. അടുത്ത മാസം 10ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റാലിയോടെ പൊതുപ്രചരണങ്ങള്‍ക്ക് തുടക്കമിടാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. നിയമസഭയില്‍ അധികാരത്തില്‍ എത്തുക എന്നത് ബിജെപിയെ
സംബന്ധിച്ച് നിര്‍ണ്ണായകമാണ്. കേവലഭുരിപക്ഷം നേടി അധികാരത്തില്‍ എത്തിയില്ലെങ്കില്‍ മോഡി സര്‍ക്കാരിന് ക്ഷീണം നല്‍കുന്നതാകും നിയമസഭാ ഫലം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :