പുതുക്കിയ നയരേഖ അംഗീകരിച്ചു: കേന്ദ്രകമ്മിറ്റി യോഗം ഇന്ന് അവസാനിക്കും

  സിപിഎം കേന്ദ്രകമ്മിറ്റി , സീതാറാം യെച്ചൂരി , ജനറല്‍ സെക്രട്ടറി , വിഎസ്
ഹൈദരാബാദ്| jibin| Last Modified ബുധന്‍, 21 ജനുവരി 2015 (11:27 IST)
സീതാറാം യെച്ചൂരിയുടെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുതുക്കിയ നയരേഖ ഏകകണ്ഠമായി സിപിഎം കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ചു. കേന്ദ്രകമ്മിറ്റി യോഗം ഇന്ന് അവസാനിക്കും.

ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കഴിഞ്ഞ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ച കരടുനയരേഖയില്‍ 1991 മുതലുള്ള അടവുനയം പാളിയെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം പാര്‍ട്ടി പല സാഹാചര്യങ്ങളിലും പലയിടത്തുമായി ബൂര്‍ഷ്വാ പാര്‍ട്ടികളുടെ വാലായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് യെച്ചൂരി മുന്നോട്ട് വെച്ച ബദല്‍ നിര്‍ദ്ദേശങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് കരടു നയരേഖ പുതുക്കിയത്.

രേഖ വോട്ടിനിട്ടപ്പോള്‍ ആരും എതിര്‍ത്തില്ല. വിഎസ് അച്യുതാനന്ദനു ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കേരളഘടകത്തിന് പറ്റിയ പാളിച്ചകളും രേഖയില്‍ എഴുതി ചേര്‍ക്കണമെന്ന് വി എസ് ആവശ്യപ്പെട്ടെങ്കില്‍ അത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ ചര്‍ച്ചയില്‍ നേതൃത്വത്തിന് എതിരെ വിമര്‍ശനം ഉയര്‍ന്നു.

നയരേഖ രാഷ്ട്രീയപ്രമേയത്തിന്റെ ഭാഗമാക്കിയാല്‍ മതിയെന്ന അഭിപ്രായമുണ്ടായെങ്കിലും ഇത് പ്രത്യേക രേഖയായി തന്നെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. നയരേഖ അംഗീകരിച്ച ശേഷം കേന്ദ്ര കമ്മിറ്റിയില്‍ രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ ചര്‍ച്ച തുടങ്ങി. ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് മുന്‍ നിര്‍ത്തിയുള്ള സിപിഎം കേന്ദ്ര കമ്മിറ്റി യോഗമാണ് നടക്കുക.

കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയില്‍ സീതാറാം യെച്ചൂരി ബദല്‍ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് ഇരുപത്തഞ്ച് കൊല്ലത്തെ അടവുനയം വിലയിരുത്തുന്ന നയരേഖ പോളിറ്റ് ബ്യൂറോ പുതുക്കിയിരുന്നു. അടവുനയം ചില ഘട്ടങ്ങളില്‍ പാളിയപ്പോള്‍ നേട്ടങ്ങളും ഉണ്ടാക്കി തന്നുവെന്നാണ് വിശദീകരണം. 2004ല്‍ ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ എംപിമാരെ എത്തിക്കാനായതും പശ്ചിമബംഗാളില്‍ തുടര്‍ച്ചയായി ഭരണത്തിലിരുന്നതിനും നയരേഖയുടെ കരുത്തിലാണെന്നാണ് വിശദീകരണം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :