Last Modified ബുധന്‍, 12 ജൂണ്‍ 2019 (15:44 IST)
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചാന്ദ്രയാൻ 2 പേടകത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ബംഗളൂരുവിലെ ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്ഗനൈസേഷന്
ആസ്ഥാനത്തെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ജൂലൈ ഒമ്പതിനും 16നും ഇടയിലാണ് ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണം നടക്കുക.
ദൗത്യത്തിന് 800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 3,290 കിലോയാണ് ബഹിരാകാശ വാഹനത്തിന്റെ ഭാരം. നേരത്തെ, ഏപ്രിലിലാണ് ചന്ദ്രയാന്‍ 2 വിക്ഷേപണം ഐ.എസ്.ആര്.ഒ നിശ്ചയിച്ചിരുന്നത്. 2008 ഒക്ടോബര്‍ 22നാണ് ആദ്യത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍1 ഇന്ത്യ വിക്ഷേപിച്ചത്.
2009 ആഗസ്റ്റ് 29ന് ചന്ദ്രയാന്‍ 1മായുള്ള ബന്ധം ഐ.എസ്.ആര്.ഒക്ക് നഷ്ടമാവുകയായിരുന്നു. ആദ്യ ദൗത്യത്തിന് 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍ 2 വിക്ഷേപിക്കുന്നത്. 2022ല്‍ ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നു പേരെ ഒരുമിച്ച് ബഹിരാകാശത്ത് എത്തിക്കാനാണ് ഐ.എസ്.ആര്.ഒ ഉദ്ദേശിക്കുന്നത്.
അതിസങ്കീര്‍ണമായ ലാന്‍ഡിംഗിനാണ് ചാന്ദ്രയാന്‍ 2 ഒരുങ്ങുന്നത്. മൂന്ന് മൊഡ്യൂളുകളാണ് ചാന്ദ്രയാന്‍ രണ്ടാം ദൗത്യത്തിലുള്ളത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ. ലാന്‍ഡിംഗിന് ഉപയോഗിക്കുന്ന മൊഡ്യൂളിന്റെ പേര് വിക്രം എന്നാണ്. വിക്രം സാരാഭായിക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള പേര്.
സോഫ്റ്റ് ലാന്‍ഡിംഗ് രീതി ഇന്ത്യ ആദ്യമായി പരീക്ഷിക്കുകയാണ് ചാന്ദ്രയാന്‍ രണ്ടിലൂടെ. ഇറങ്ങുന്നതോ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലും. ഇതുവരെ ഒരു ബഹിരാകാശവാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല. കഴിഞ്ഞ തവണയെല്ലാം, ചാന്ദ്രയാന്‍ ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആര്‍ഒ അവലംബിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്ആര്‍ഒ. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്.