ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ഉപദേശക സമിതി കേന്ദ്ര സര്‍ക്കാര്‍ പിരിച്ചു വിട്ടു

ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 16 മെയ് 2015 (20:01 IST)
ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ഉപദേശക സമിതി കേന്ദ്ര സര്‍ക്കാര്‍ പിരിച്ചു വിട്ടു. കൗണ്‍സില്‍ പുറത്തിറക്കുന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ ഉപദേശക സമിതിയി അംഗങ്ങളായ റോമില ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ് തുടങ്ങിയ ഇടതു ചരിത്രകാരന്മാര്‍ ഉള്‍പ്പെട്ട സമിതിയെയാണ് പിരിച്ചുവിട്ടത്.
21 പ്രമുഖ ചരിത്രകാരന്മാരാണ് സമിതിയില്‍ ഉണ്ടായിരുന്നത്. ഗവേഷണ കൗണ്‍സില്‍ ആറുമാസത്തിലൊരിക്കല്‍ പുറത്തിറക്കുന്ന സുപ്രധാന പ്രസിദ്ധീകരണമായ ഇന്ത്യ ഹിസ്റ്ററിക്കല്‍ റിവ്യൂ എന്ന ആനുകാലികത്തിന്റെ ഉപദേശക സമിതി അംഗങ്ങളാണ് പിരിച്ചുവിടപ്പെട്ടത്.

ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് പ്രമുഖ ചരിത്രകാരനായ സബ്യസാചി ഭട്ടാചാര്യ കഴിഞ്ഞ മാസം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. പുറത്താക്കിയെന്ന വാര്‍ത്ത തന്നെ അദ്ഭുതപ്പെടുത്തിയെന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം തനിക്ക് ലഭിച്ചിട്ടില്ലെന്നും റോമില ഥാപ്പര്‍ പറഞ്ഞു.

പിരിച്ച് വിട്ട് പുതിയ സമിതി രൂപീകരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പുതിയ ഉപദേശക സമിതിയുടെ അംഗസംഖ്യ 18 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഉപദേശക സമിതിയെ നിയമിക്കുന്നതിന് കൗണ്‍സിലിന് സവിശേഷ അധികാരമുണ്ടെന്നും തീരുമാനത്തില്‍ അസ്വഭാവികതയില്ലെന്നും കൗണ്‍സില്‍ ചെയര്‍മാന്‍ വൈ സുദര്‍ശന്‍ റാവു വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :