പ്രതിഛായ പോരെന്ന് ആര്‍‌എസ്‌എസ്; മോടി കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തന്ത്രങ്ങളൊരുക്കുന്നു

ന്യൂഡൽഹി| VISHNU N L| Last Modified ശനി, 16 മെയ് 2015 (14:09 IST)
വലിയ പ്രതീക്ഷയോടെയാണ് നരേന്ദ്ര മോഡിയെ ഇന്ത്യയിലെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്. എന്നാല്‍ അധികാരം കിട്ടിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും പാവങ്ങള്‍ക്കല്ല കോര്‍പ്പറേറ്റുകള്‍ക്കാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്ന പ്രതിപക്ഷ പ്രചാരണം ജനങ്ങള്‍ വിശ്വസിച്ചു തുടങ്ങി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രതിഛായ മോശമാണെന്ന് ആര്‍‌എസ്‌എസും മുന്നറിയിപ്പ് നല്‍കിയതൊടെ രണ്ടാം വയസിലേക്ക് കടക്കുന്ന സര്‍ക്കാര്‍ ജന്‍ക്ഷേമ പരിപാടികളുമായി ജനമനസ് പിടിക്കാനൊരുങ്ങുന്നു.

സർക്കാരിന്റെ രണ്ടാം വർഷത്തെ പരിശ്രമം സർക്കാരിന്റെ രണ്ടാം വർഷം ജനക്ഷേമ വർഷമായി പ്രഖ്യാപിക്കാനാണു പദ്ധതി. ഒന്നാം വാർഷിക ദിനമായ മെയ്‌ 26 ന്റെ തലേന്ന്, ജനസംഘം സ്ഥാപക നേതാവ് ദീൻ ദയാൽ ഉപാധ്യായയുടെ ജന്മനാടായ മഥുരയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിൽ പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന. ബീഹാറില്‍ ഉടന്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പെന്ന അഗ്നി പരീക്ഷ കടക്കാനുള്ള എല്ലാ നീക്കങ്ങളും വരുന്ന ദിവസംങ്ങളില്‍ ഉണ്ടാകും.

പ്രധാനമന്ത്രി മോദിയുടെ മഥുര റാലിക്കു തുടർച്ചയായി കേന്ദ്രമന്ത്രിമാർ പങ്കെടുക്കുന്ന നൂറു റാലികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കും. സംസ്ഥാന ഘടകങ്ങൾ ജില്ലാതലങ്ങളിൽ വരെ സർക്കാരിന്റെ ഭരണ നേട്ടങ്ങളുമായി പൊതുയോഗങ്ങൾ സംഘടിപ്പിക്കും. നേട്ടങ്ങൾ അവതരിപ്പിച്ചു കേന്ദ്രമന്ത്രിമാരുടെ മാദ്ധ്യമ സമ്മേളന പരമ്പരയുമുണ്ടാകും. അങ്ങനെ സർക്കാരിന്റെ ജനപക്ഷ തീരുമാനങ്ങൾ മാദ്ധ്യമങ്ങളിൽ ചർച്ചയാക്കാനാണ് നീക്കം.

ഭൂമിയേറ്റെടുക്കല്‍ നിയമം, ഇന്ധന വില വര്‍ധന, രാഹുല്‍ന്‍ ഗാന്ധിയുടെ സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍ തുടങ്ങിയ വിരുദ്ധ പ്രതിഛായ സര്‍ക്കാരിനെ മോശമാക്കിയിട്ടുണ്ട് എന്നാണ് ആര്‍‌എസ്‌എസ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കൽ ഭേദഗതി ബിൽ, ഓർഡിനൻസ് വഴി നടപ്പാക്കാൻ തിടുക്കം കാട്ടിയതാണ് സർക്കാരിന്റെ പ്രതിച്ഛായ മോശമാകാൻ പ്രധാന കാരണമെന്നാണ് ആർഎസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. നിയമത്തിലെ കര്‍ഷക അനുകൂല വ്യവസ്ഥകള്‍ വിശദീകരിക്കാതിരുന്നത് പ്രതിപക്ഷത്തിന് വളമായെന്നും ആര്‍‌എസ്‌എസ് പറയുന്നു.

ഇതെല്ലാം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ നീക്കം. വിദേശ പര്യടനം കഴിഞ്ഞ് പ്രധാന മന്ത്രി മൊഡി തിരികെ വരുന്നതോടെ സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് അന്തിമ രൂപമാകും. മെയ്‌ക ഇന്ത്യയെന്ന സ്വപ്‌ന പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് മോഡി ആദ്യ വര്‍ഷം കൂടുതല്‍ം വിദേശ പര്യടനങ്ങള്‍ നടത്തിയത്. ഇതിലൂടെ
ആഗോള നേതാവെന്ന പ്രതിഛായ നേടാന്‍ സാധിച്ചെങ്കിലും പ്രധാനമന്ത്രിക്ക് ഇന്ത്യയിലെത്താന്‍ സമയമില്ലെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍ ഇനി ഒന്നാം വര്‍ഷം തന്റെ യാത്രകളിലൂടെ രാജ്യത്തിന് നേടിയെടുത്ത മെച്ചങ്ങള്‍ മോഡിയും മന്ത്രിമാരും ജനങ്ങളോട് കാര്യ കാരണ സഹിതം വിശദീകരിക്കും.

രാജ്യത്തെ മുന്‍‌നിര മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സൃഷ്ടിക്കാന്‍ ബിജെപിയും കോപ്പ് കൂട്ടുന്നുണ്ട്. എണ്ണവിലയിൽ പൊതുമേഖലാ എണ്ണകമ്പനികൾ ചെയ്യുന്നത് കടന്നകൈയാണ് എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിലപാട്. വില കുറഞ്ഞപ്പോൾ ആനുപാതിക കുറവില്ല. എന്നാൽ കുടുമ്പോൾ അതുണ്ട് താനും. ഈ സാഹചര്യത്തെ മറികടക്കാനുള്ള തന്ത്രങ്ങളും മോഡി സർക്കാർ രണ്ടാം വർഷത്തിൽ കൈക്കൊള്ളും. അതേസമയം രാജ്യത്തെ മാധ്യമങ്ങളേയും സര്‍ക്കാര്‍ പഴിക്കുന്നുണ്ട്. ദരിദ്ര ജനങ്ങൾക്കു ബാങ്ക് അക്കൗണ്ട് ഉറപ്പാക്കാനായി ആവിഷ്‌കരിച്ച ജൻ ധൻ പദ്ധതിയുടെ വിജയത്തേക്കാൾ മാദ്ധ്യമങ്ങൾ പ്രാധാന്യം നൽകിയതു മോഡിയുടെ പേരെഴുതിയ കോട്ടിനാണെന്നും സർക്കാർ ആവിഷ്‌കരിച്ച ഇൻഷുറൻസ്, പെൻഷൻ പദ്ധതികളേക്കാൾ ചർച്ചയായത് കോർപറേറ്റുകൾക്ക് അനുവദിച്ച നികുതിയിളവുകളാണെന്നും, ശുചിത്വ ഭാരതത്തേക്കാള്‍ ശ്രദ്ധയായത് സര്‍ക്കാരിനെതിരായ വര്‍ഗീയ ആരോപണങ്ങളാണെന്നും ബിജെപി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :