16 രണ്‍‌വീര്‍ സേനാംഗങ്ങള്‍ക്ക് വധശിക്ഷ

പട്ന| WEBDUNIA|
ബീഹാറില്‍ 1997ല്‍ കൂട്ടക്കൊലപാതകം നടത്തിയ 16 രണ്‍‌വീര്‍ സേനാംഗങ്ങള്‍ക്ക് ബീഹാറിലെ അഡീഷണല്‍ ജില്ലാകോടതി ബുധനാഴ്ച വധശിക്ഷ വിധിച്ചു. സവര്‍ണ്ണ ഭൂ ഉടമകളുടെ സ്വകാര്യ സേനയാണ് രണ്‍‌വീര്‍ സേന.

ബീഹാറിലെ ജെഹാനാബാദ് ജില്ലയില്‍ ലക്ഷ്മണ്‍പൂര്‍ ബാത്തെയില്‍ നടന്ന കൂട്ടക്കൊലപാതകത്തില്‍ 58 ദളിതരെയാണ് രണ്‍‌വീര്‍ സേന വധിച്ചത്. കേസില്‍ കുറ്റക്കാരെന്നു തെളിഞ്ഞ 26 പേരില്‍ 16 പേര്‍ക്ക് വധശിക്ഷയും 10 പേര്‍ക്ക് ജീവപര്യന്തം തടവും 50,000 രൂ‍പവീതം പിഴയുമാണ് അഡീഷണല്‍ ജില്ലാ ജഡ്ജി വിജയ് പ്രകാശ് മിശ്ര വിധിച്ചത്.

കേസിന്റെ വിചാരണ ഏപ്രില്‍ ഒന്നിന് പൂര്‍ത്തിയായിരുന്നു. ലക്ഷ്മണ്‍പൂരില്‍ നടന്ന ആക്രമണത്തില്‍ രണ്‍‌വീര്‍ സേനാംഗങ്ങള്‍ വെടിവച്ചാണ് 58 ദളിതരെ കൊലപ്പെടുത്തിയത്. 2008 ല്‍ 46 പേരുടെ മേല്‍ കുറ്റം ചുമത്തി. ഇതില്‍ രണ്ട് പേര്‍ വിചാരണ പൂര്‍ത്തിയാവുന്നതിനു മുമ്പ് മരിച്ചു.

ലാലുപ്രസാദ് യാദവിന്റെ ഭരണകാലത്ത് നടന്ന ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് അമീര്‍ദാസ് കമ്മീഷനെ നിയോഗിച്ചിരുന്നു. കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :