14 കേസുകള്‍ ജയിച്ചു; എന്നിട്ടും തൊഴില്‍രഹിതന്‍!

ചെന്നൈ| WEBDUNIA|
ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ നീതിവിളങ്കന്‍ നിയമത്തിന്റെ വഴി തേടി. ഇയാള്‍ക്ക് അനുകൂലമായി 14 കോടതി ഉത്തരവുകള്‍ ഉണ്ടായി, പക്ഷേ നീതിവിളങ്കന് നീതി മാത്രം കിട്ടിയില്ല.

1983-ല്‍ ചോളന്‍ റോഡ്‌വെയ്സ് കോര്‍പ്പറേഷന്‍ ജൂനിയര്‍ സൂപ്രണ്ട് ആയി ജോലി നോക്കുമ്പോഴാണ് ടി നീതിവിളങ്കന്‍ പിരിച്ചുവിടപ്പെടുന്നത്. സഹപ്രവര്‍ത്തകന്‍ നടത്തിയ 50 ലക്ഷം രൂപയുടെ ക്രമക്കേട് അധികൃതരെ അറിയിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയത്.

അന്ന് നീതിവിളങ്കന് പ്രായം 34 വയസ്സ്. നടപടി ചോദ്യം ചെയ്ത് ഇയാള്‍ മദ്രാസ് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. മദ്രാസ് ഹൈക്കോടതിയുടെ ഏഴ് ഉത്തരവുകളും സുപ്രീംകോടതിയുടെ അഞ്ച് ഉത്തരവുകളും ഇയാള്‍ക്ക് അനുകൂലമായി ഭവിച്ചു.

ഉത്തരവുകളെല്ലാം അനുകൂലമായിട്ടും നീതിവിളങ്കനെ ജോലിയില്‍ തിരിച്ചെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. കുംഭകോണം സ്വദേശിയായ ഇയാള്‍ക്ക് ഇപ്പോള്‍ 62 വയസ്സായി. നിയമം കനിഞ്ഞിട്ടും അധികൃതര്‍ കണ്ണുതുറക്കാത്തത് മൂലം നീതിവിളങ്കന് നഷ്ടപ്പെട്ടത് സ്വന്തം ജീവിതവും സ്വപ്നങ്ങളുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :