2013- ല്‍ കളവ് പോയത് 13,219 കോടിയുടെ വസ്തുക്കള്‍!

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 14 ജൂലൈ 2014 (15:15 IST)
2013ല്‍ രാജ്യവ്യാപകമായി കളവ് പോയത് 13,219 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടേതാണ് ഈ കണക്ക്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എന്നാല്‍ തിരിച്ച് പിടിച്ചെടുത്ത വസ്തുക്കളുടെ ശതമാനം നോക്കിയാല്‍ പൊലീസ് നാണംകെട്ട് പോകും. ഈ കാലയളവില്‍ രാജ്യവ്യാപകമായി മൊത്തം 1,762 കോടിയുടെ മുതല്‍ മാത്രമാണ് പൊലീസിന് തിരിച്ചു പിടിക്കാനായത്.

കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം കളവ് പോയത് വാഹനങ്ങളാണ്. കൊല്‍ക്കത്ത, ചെന്നൈ, മുംബൈ നഗരങ്ങളോട് വാഹനങ്ങളുടെ എണ്ണത്തില്‍ തുല്യം നില്‍ക്കുന്ന ന്യൂഡല്‍ഹിയില്‍ മോഷണം നടത്തിയവയില്‍ 30 ശതമാനവും വാഹനങ്ങളാണ്. പഴക്കം ചെന്ന വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടയില്‍ ഭൂരിഭാഗവും. പണം, ആഭരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ട സാധനങ്ങളില്‍ ഏറ്റവും മുന്നിലുള്ളത്.

2012ല്‍ 1,41,793 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് പോലീസ് പിടിച്ചെടുത്തിരുന്നത്. ഏറ്റവും കൂടുതല്‍ മോഷണ മുതല്‍ തിരിച്ചുപിടിച്ചത് 2010ലാണ്. മൊത്തം കളവു പോയ സാധനങ്ങളുടെ 28.9 ശതമാനവും ഈ വര്‍ഷത്തില്‍ പോലീസ് പിടിച്ചെടുത്തിരുന്നു. സംസ്ഥാനങ്ങളുടെ കണക്ക് നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കളവ് നടന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ മൊത്തം 4315 കോടി രൂപയുടെ കളവ് നടന്നു. തൊട്ടുപിറകില്‍ ഗോവയാണ്. 3048 കോടി രൂപ. മൊത്തം കളവ് മുതല്‍ തിരിച്ചുപിടിച്ചതില്‍ തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്ത്. 73.6 ശതമാനവും ഇവിടെ പോലീസ് തിരിച്ചുപിടിച്ചു. തൊട്ടുപിറകില്‍ സിക്കിമാണ്. 51.9 ശതമാനം. ആന്ധ്രാപ്രദേശില്‍ 51.7 ഉം രാജസ്ഥാനില്‍ 50.7ഉം ശതമാനം കളവ് മുതലുകള്‍ പോലീസ് തിരിച്ചുപിടിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :