‘എന്നെ കൊന്നുകൊള്‍ക, എന്റെ മകനെ ഒന്നും ചെയ്യരുതേ’ - മരിക്കും വരെ ആ അമ്മ അവരോട് യാചിച്ചു

എന്തിനായിരുന്നു ഈ നരനായാട്ട്?

aparna| Last Updated: ബുധന്‍, 23 ഓഗസ്റ്റ് 2017 (11:11 IST)
അന്ധവിശ്വാസത്തിന്റേയും അനാചാരങ്ങളുടെയും പേരില്‍ ഇന്ത്യയില്‍ നിരവധി ആളുകളാണ് കൊല്ലപ്പെട്ടിട്ടുള്ളത്.
ജാര്‍ഖണ്ഡില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്ത ഇന്ത്യന്‍ ജനതയുടെ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും ജനങ്ങള്‍ അന്ധവിശ്വാസങ്ങളെ എത്രത്തോളം വിശ്വസിക്കുന്നുവെന്നും വ്യക്തമാക്കുന്നു. അന്ധവിശ്വാസത്തിന്റെ പേരില്‍ ഒരു സ്ത്രീയെ പട്ടാപ്പകല്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ വെച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് ഞെട്ടലോടെയാണ് ഇന്ത്യ കേട്ടത്.

ജാര്‍ഖണ്ഡിലെ സാഹേബ്ഗഞ്ചി ജില്ലയിലെ മീര്‍ നഗറിലെ ‘കട്ടല്‍ബാഡി’ എന്ന ഗ്രാമത്തിലാണ് അതിക്രൂരമായ സംഭവം നടന്നത്. സമീപഗ്രാമത്തില്‍ നിന്നും ഭിക്ഷയെടുക്കുന്നതിനായിട്ടായിരുന്നു ഗോല്‍ബന്തി ദേവിയെന്ന യുവതിയും പത്തുവയസുള്ള മകനും ‘കട്ടല്‍ബാഡി’ ഗ്രാമത്തില്‍ എത്തിയത്. ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ മുടി ആരോ മുറിച്ചെന്ന് ആരോപണമുയര്‍ന്നിരുന്ന സമയത്തായിരുന്നു ഇവര്‍ ഗ്രാമത്തില്‍ ഭിക്ഷയാചിക്കാന്‍ എത്തിയത്. മുടി മുറിച്ചു എന്ന പരാതിയുമായി നൂറു കണക്കിന് സ്ത്രീകള്‍ പോലീസിനെ സമീപിക്കുന്നത് നിത്യസംഭവമായി മാറിയിരുന്നു.

ശനിയാഴ്ചയും സമാനമായ രീതിയില്‍ മറ്റൊരു പെണ്‍കുട്ടിയുടെ മുടിയും ആരോ മുറിക്കുകയുണ്ടായി. ദുര്‍മന്ത്രവദിയുടെ പണിയാണിതെന്നും ഗ്രാമത്തില്‍ ഭിക്ഷക്കായി എത്തിയ പുതിയ സ്ത്രീ ഇത്തരക്കാരി ആണെന്നും കൂട്ടത്തില്‍ ആരോ ഒരാള്‍ പറഞ്ഞു. ആരോപണം ശരിവെച്ച് നാട്ടുകാര്‍ ഗോല്‍‌ബന്തിയേയും മകനേയും കടന്നാക്രമിക്കുകയായിരുന്നു.

എന്നാല്‍, താന്‍ നിരപരാധിയാണെന്ന് അവര്‍ ആണയിട്ട് പറയുന്നുണ്ടായിരുന്നു. ആയിരത്തോളമാളുകള്‍ ആയിരുന്നു അവരെ ആക്രമിച്ചത്. കയ്യില്‍ കിട്ടിയത് വെച്ച് എറിയുകയും അടിക്കുകയും ചെയ്തു. "എന്നെ ക്കൊന്നോളുക എന്‍റെ മോനെ ഒന്നും ചെയ്യരുതേ" എന്നവര്‍ മരിക്കും വരെ ആളുകളോട് യാചിച്ചുകൊണ്ടിരുന്നു. ചോര വാര്‍ന്ന് സ്ത്രീ മരിച്ചു. മകനേയും ഉപദ്രവിച്ചു. ഗുരുതര പരിക്കുകളോടെ അവരുടെ മകനെ പോലീസ് രക്ഷപെടുത്തി. പോലീസുകാര്‍ക്ക് നേരെയും ജനക്കൂട്ടം കല്ലെറിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :