Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (20:35 IST)
സൂര്യയുടെ സിനിമ ‘മാസ്’ കഴിഞ്ഞ വാരമാണ് പ്രദര്‍ശനത്തിനെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. ബോക്സോഫീസിലും അത്രനല്ല പ്രകടനമല്ല ചിത്രം കാഴ്ചവയ്ക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്ത ഈ സൂപ്പര്‍നാച്വറല്‍ ത്രില്ലര്‍ ശരാശരി വിജയത്തിലേക്ക് മാത്രം ഒതുങ്ങുന്നു.
അതേസമയം, സൂര്യയുടെ പത്നി
ജ്യോതിക നായികയായ ‘36 വയതിനിലേ’ സൂപ്പര്‍ഹിറ്റ് ആയി മാറിയിരിക്കുന്നു. പൂര്‍ണമായും ഹീറോയിന് ഓറിയന്റഡായ ഈ സിനിമ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റിലീസായി ആഴ്ചകള്‍ പിന്നിട്ടിട്ടും തമിഴ്നാട്ടില്‍ എല്ലാ സെന്ററുകളിലും എല്ലാ ഷോയും ഫുള്‍ ഹൌസിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
മലയാള ചിത്രമായ ‘ഹൌ ഓള്‍ഡ് ആര് യു’ന്റെ തമിഴ് റീമേക്കാണ് 36 വയതിനിലേ. തമിഴ് പ്രേക്ഷകര്‍ക്ക് രസിക്കത്തക്ക രീതിയില്‍ കുറച്ചുകൂടി ഡോസ് കൂട്ടിയാണ് റോഷന് ആന്‍ഡ്രൂസ് ഈ സിനിമ സൃഷ്ടിച്ചിരിക്കുന്നത്. എന്തായാലും തമിഴ് ഓഡിയന്‍സിനെ അങ്ങേയറ്റം ആകര്‍ഷിച്ച സിനിമ ജ്യോതികയുടെ ശക്തമായ തിരിച്ചുവരവിനാണ് കാരണമായിരിക്കുന്നത്.
അതേസമയം, ഏറെ ലൂപ്ഹോള്‍സ് ഉള്ള തിരക്കഥയാണ് ‘മാസ്’ എന്ന ബിഗ്ബജറ്റ് സിനിമയ്ക്ക് വിനയായത്. ‘അഞ്ചാന്’ പോലെ കനത്ത പരാജയത്തെ നേരിട്ടില്ലെങ്കിലും സൂര്യയുടെ താരപ്രഭയ്ക്ക് യോജ്യമായ ഒരു പെര്‍ഫോമന്‍സല്ല തിയേറ്ററുകളില്‍ മാസ് കാഴ്ചവയ്ക്കുന്നത്. ഇക്കാര്യത്തില്‍ സൂര്യയുടെ ഫാന്‍സും അസ്വസ്ഥരാണ്.
കാക്ക മുട്ടൈ, ഡെമോണ്ടി കോളനി എന്നിവയാണ് സൂപ്പര്‍ഹിറ്റ് വിജയം നേടുന്ന മറ്റ് രണ്ട് തമിഴ് ചിത്രങ്ങള്‍.