“എഴുതാന്‍ പറ്റാത്ത അവസ്ഥയാണ് എനിക്ക് മരണം. എഴുത്താണ് എന്റെ അസ്തിത്വം. ഓര്‍മകള്‍ക്കും അനുഭവങ്ങള്‍ക്കും മങ്ങലേല്‍ക്കാത്തിടത്തോളം കാലം ഞാന്‍ എഴുതിക്കൊണ്ടേയിരിക്കും” - ആ ശബ്ദം പലരെയും ഭയപ്പെടുത്തിയിരുന്നു ഒരുകാലം വരെ. എന്നാല്‍ ആ ശബ്ദത്തിന്റെ ഉടമ ഇനി നിത്യതയില്‍.
സാഹിത്യകാരന്‍, തൊഴിലാളി പ്രര്‍ത്തകന്‍, അരാജകവാദി തുടങ്ങി നിരവധി വിശേഷണങ്ങളും അതിലേറെ വിമര്‍ശനങ്ങളും നേരിട്ടിട്ടും തളരാത്ത വ്യക്തിത്വം. ഉണ്ണികൃഷ്ണന്‍ പുതൂരിനെ വ്യത്യസ്തനാക്കുന്നത് ഇതൊന്നുമല്ല. ചെയ്യുന്ന കാര്യത്തിനും പറയുന്നതിനോടും ആത്മാര്‍ത്ഥത പുലര്‍ത്തിയ സാഹിത്യകാരനായിരുന്നു അദ്ദേഹം.
പൂര്‍ണമായും നരച്ച താടിയും മുടിയും. 'നിഷ്‌കളങ്കനായതുകൊണ്ട് അദ്ദേഹം താടിയില്‍ കറുത്ത ചായം തേച്ചിരുന്നില്ല' എന്ന് ഈ മനുഷ്യനെക്കുറിച്ച് മുമ്പ് മാധവിക്കുട്ടി എഴുതി. താടിയിലും മുടിയിലും മാത്രമല്ല, തന്റെ എഴുത്തിലും ചായം തേച്ചില്ല പുതൂര്‍.
എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതമായിരുന്നു പുതൂരിന്‍റേത്. അത് സുഹൃത്തുക്കളേക്കാളേറെ ശത്രുക്കളെ സമ്പാദിക്കാന്‍ കാരണമായി. സാഹിത്യ മേഖലയില്‍ തന്റേതായ പാത വെട്ടിത്തെളിച്ച പുതൂരിന് പക്ഷേ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിരുന്നില്ല എന്നതാണ് സത്യം.
കഥയിലല്ല, കവിതയിലായിരുന്നു പുതൂരിന്റെ തുടക്കം. 'കല്‍പ്പകപ്പൂമഴ' എന്ന കവിതാസമാഹാരത്തിന് അവതാരിക കുറിച്ചത് വൈലോപ്പിള്ളിയാണ്. 'ഇത്രമേല്‍ അനുഭവവും വികാരവും പുണര്‍ന്നുകിടക്കുന്ന ഒരു ഹൃദയവും അതിന്റെ തനിപ്പകര്‍പ്പായ കാവ്യബന്ധങ്ങളും ഒരുപക്ഷേ, ചങ്ങമ്പുഴക്കവിതകളില്‍ മാത്രമേ കാണുകയുള്ളൂ' എന്ന പ്രശംസയും കവിയായ പുതൂരിന് അദ്ദേഹത്തില്‍നിന്ന് ലഭിച്ചിട്ടുണ്ട്. പക്ഷെ കവിയാകാനായിരുന്നില്ല കാലം അദ്ദേഹത്തിനു നല്‍കിയ നിയോഗം.
തന്റെ നിയോഗത്തെ പറ്റി പുതൂര്‍ ഒരിക്കല്‍ പറഞ്ഞിരുന്നതും പച്ച മനുഷ്യനായി. “കവിതയെഴുതിയാല്‍ ജീവിക്കാന്‍ കഴിയില്ല, ജീവിക്കണമെങ്കില്‍ കഥയെഴുതണം. അതുകൊണ്ട് കഥാകൃത്തായി” - സ്വജീവിതത്തില്‍ അനുഭവത്തിന്റെ ഖനി നിറഞ്ഞിരുന്നതിനാല്‍ പുതൂരിന് കഥ തേടി എങ്ങും പോകേണ്ടിവന്നില്ല.
ആദ്യത്തെ കഥാസമാഹാരമായ “കരയുന്ന കാല്പാടുകള്‍” എന്ന കൃതിയുമായി കേരളത്തിനുള്ളിലും വെളിയിലുമായി ഒരുവര്‍ഷത്തോളം അലഞ്ഞുനടന്നു. അതിനിടയില്‍ കാലം അതിന്റെ ഇരുണ്ട പാതകളിലേക്ക് പുതൂരിനെ വലിച്ചിടാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അതേകാലത്തിനോട് തന്നെ പുതൂര്‍ പറഞ്ഞു 'ഇല്ല, എനിക്ക് ഇനിയും എഴുതാനുണ്ട്’.
മാലാഖയുടെ വരവ്, സ്മൃതി എന്നിവ ആശുപത്രിക്കിടക്കയില്‍ നിന്നുള്ള അനുഭവക്കുറിപ്പുകളാണ്. സത്യസന്ധമായ ആവിഷ്‌കാരം, സ്ഥലകാല നിര്‍ണയം എന്നിവ വായനക്കാരെ പിടിച്ചുനിര്‍ത്തും. 'കൊടും ജീവിത ദാഹമുള്ള ചിന്ത'യെന്ന് മുപ്പതുവര്‍ഷം മുമ്പ് മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ പുതൂരിനെ അളന്നിരുന്നു.
സാഹിത്യലോകത്ത് ഉന്നതമായ ഇരിപ്പിടം 1960കളില്‍ തന്നെ ഇദ്ദേഹത്തിനുണ്ടായിരുന്നു. പൂന്താനത്തെപ്പോലെ, ദസ്‌തേവിസ്‌കിയെപ്പോലെ, ഹെമിങ്‌വേയെപ്പോലെ മനുഷ്യഹൃദയത്തില്‍ ജീവിക്കാന്‍ പറ്റിയ സാഹിത്യകാരന്മാരുടെ പട്ടികയില്‍ ഇനി പുതൂരും പുസ്തകങ്ങളുമുണ്ടാകുമെന്ന് ഉറപ്പായും പറയാം.
ആരുമറിയാത്ത എന്നാല്‍ പലരേയും അസ്വസ്ഥമാക്കിയ ഒരു കൃതി പുതൂര്‍ സൂക്ഷിച്ചിരുന്നു - തന്റെ ആത്മകഥ. അത് സത്യസന്ധമായി പറയാനുള്ളതാണ്. ഒടുങ്ങാത്ത അനുഭവങ്ങള്‍. അത് പലരെയും പൊള്ളിക്കും. ജീവിച്ചിരിക്കുമ്പോള്‍ അത് പ്രസിദ്ധീകരിച്ചാല്‍ എനിക്ക് ശാന്തനായി മരിക്കാന്‍ കഴിയില്ല എന്ന് പുതൂര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.
പുതൂരിന്റെ പ്രസിദ്ധീകൃതമായ ആദ്യത്തെ കഥ ചങ്ങമ്പുഴയുടെ മരണം പ്രമേയമാക്കിയ 'മായാത്ത സ്വപ്ന'മായിരുന്നു - 1950ല്‍. 1952ല്‍ 'കരയുന്ന കാല്‍പ്പാടുകള്‍' എന്ന ആദ്യ കഥാസമാഹാരത്തില്‍ ഈ കഥയുണ്ട്. എഴുന്നൂറോളം ചെറുകഥകള്‍, 35 കഥാസമാഹാരങ്ങള്‍, 18 നോവലുകള്‍... അവയിലൊക്കെ സ്വാനുഭവങ്ങള്‍ സ്പന്ദിക്കുന്നു. എന്നല്ല, അനുഭവിക്കാത്തതായൊന്നും പുതൂര്‍ എഴുതാറില്ലായിരുന്നു.
ദേവസ്വം ഭരണത്തിലെ കൊള്ളരുതായ്മകളും അതിനെ ചുറ്റിയുള്ള പച്ചയായ ജീവിതവും തുറക്കുന്ന ബലിക്കല്ല്', ഗുരുവായൂരിലെ ജന ജീവിതത്തെക്കുറിച്ചുള്ള ആവിഷ്കാരമായ ആനപ്പക തുടങ്ങിയ കൃതികള്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു.