പെരുമാറ്റച്ചട്ടത്തിന്റെ മറവില്‍ ഗുരുവായൂരില്‍ പൊലീസ്‌ തേര്‍വാഴ്ച

ഗുരുവായൂര്‍| WEBDUNIA| Last Modified ബുധന്‍, 26 മാര്‍ച്ച് 2014 (16:07 IST)
PRO
പെരുമാറ്റചട്ടത്തിന്റെ മറവില്‍ ഗുരുവായൂര്‍ മേഖലയില്‍ വ്യാപകമായ പോലീസ്‌ തേര്‍വാഴ്ച്ച. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന രീതിയില്‍ അര്‍ധരാത്രി സന്നാഹങ്ങളുമായി ഇറങ്ങിയ പോലീസ്‌ പട, വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ്‌ പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി തീയിട്ട്‌ നശിപ്പിച്ചു. ഫ്ലക്സുകള്‍ റോഡരികില്‍ കൂട്ടിയിട്ട്‌ കത്തിച്ചപ്പോള്‍ പലയിടത്തും വീടുകളിലേക്കുള്ള ബിഎസ്‌എന്‍.എല്‍ കേബിളുകള്‍ കത്തിപ്പോയി.

മൂന്ന്‌ പോലീസ്‌ ജീപ്പുകളിലായി സഞ്ചരിച്ചാണ്‌ ഗുരുവായൂര്‍ നഗരസഭയിലും കണ്ടാണശേരി മേഖലയിലും ഗുരുവായൂര്‍ പോലീസിന്റെ അതിക്രമങ്ങള്‍ നടന്നത്‌. പെരുമാറ്റചട്ടക്കാലത്ത്‌ പോലീസിന്‌ എന്തുമാവാം എന്ന ഭാവത്തിലായിരുന്നു പോലീസിന്റെ പെരുമാറ്റം. രാത്രി റോഡില്‍ നിന്ന്‌ തീയാളുന്നത്‌ കണ്ട്‌ പുറത്തിറങ്ങിയ പലരും കാക്കിപ്പടയെ കണ്ട്‌ ഭയന്ന്‌ പുറത്തിറങ്ങിയില്ല.

പെരുമാറ്റം ചട്ടം ലംഘിച്ചാല്‍ പകല്‍ സമയത്ത്‌ തന്നെ നടപടിയെടുക്കാമെന്നിരിക്കേ, പാതിരാത്രിയില്‍ പോലീസ്‌ നടത്തിയ തേര്‍വാഴ്ചയില്‍ ദുരൂഹതയുള്ളതായി സംശയമുണ്ട്‌. സ്തൂപങ്ങളും കൊടിമരങ്ങളും വാര്‍ത്താബോര്‍ഡുകളും പോലീസ്‌ തകര്‍ത്തിട്ടുണ്ട്‌. ഇരുട്ടിന്റെ മറവില്‍ ബോര്‍ഡുകള്‍ തകര്‍ത്ത്‌ രാഷ്ട്രീയ കക്ഷികളെ തമ്മിലടിപ്പിക്കുകയും ഇതിന്റെ പേരില്‍ പോലീസ്‌ തേര്‍വാഴ്ച നടത്തുകയുമായിരുന്നു ഉദ്ദേശമെന്ന്‌ സംശയമുയര്‍ന്നിട്ടുണ്ട്‌. മേഖലയിലെ ബന്ധപ്പെട്ട നേതാക്കളെയൊന്നും അറിയിക്കാതെയാണ്‌ പോലീസ്‌ നടപടി സ്വീകരിച്ചത്‌. എന്നാല്‍ പോലീസിന്റെ പ്രവൃത്തികള്‍ ചില പരിസരവാസികള്‍ കണ്ടതിനാല്‍ വ്യാപകമായി പൊട്ടിപുറപ്പെടുമായിരുന്ന രാഷ്ട്രീയസംഘട്ടനം ഒഴിവായി.

രാഷ്ട്രീയ സംഘട്ടനമുണ്ടാക്കി തെരഞ്ഞെടുപ്പിന്‌ മുമ്പായി പ്രദേശത്ത്‌ പോലീസ്‌ രാജ്‌ കൊണ്ടുവരികയായിരുന്നു ലക്ഷ്യമെന്നും പറയുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത്‌ സ്ഥാപിച്ചിട്ടുള്ള തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത ബോര്‍ഡുകളും പോലീസ്‌ കീറിയെറിഞ്ഞിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :