Last Modified ഞായര്‍, 7 ഏപ്രില്‍ 2019 (13:40 IST)
തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ.വിഷയത്തില്‍ കളക്ടര്‍ക്ക് സ്വതന്ത്രമായി നടപടി എടുക്കാം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അയ്യപ്പന്റെ പേര് ഉപയോഗിച്ചുവെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടിലുളളത്. റിട്ടേണിംഗ് ഓഫീസറായ കളക്ടര്‍ക്ക് ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാം. സുരേഷ് ഗോപിയ്‌ക്കെതിരെ ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസ് അയച്ചത് ചട്ടലംഘനം ബോധ്യപ്പെട്ടത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം എന്നാല്‍ അയ്യപ്പന്റെ പേര് ഉപയോഗിച്ച് കൊണ്ട് തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ പാടില്ല അത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്.പെരുമാറ്റച്ചട്ടത്തെ കുറിച്ച് കളക്ടറെ പഠിപ്പിക്കേണ്ട കാര്യമില്ല. പ്രഥമദൃഷ്ട്യാ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചത് കൊണ്ടാണ് കളക്ടര്‍ നോട്ടീസ് നല്‍കിയത് ദെവത്തിന്റെ പേര് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് എന്തിനെന്നും ടീക്കാറാം മീണ ചോദിച്ചു. സഹോദരനെന്ന് അവരുടെ വ്യാഖ്യാനമാണെന്നും സുരേഷ് ഗോപിയ്ക്ക് അപ്പീല്‍ നല്‍കാം എന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ അഞ്ചിന് തേക്കിന്‍കാട് മൈതാനിയിലെ എന്‍ഡിഎ കണ്‍വന്‍ഷനിലെ സുരേഷ് ഗോപിയുടെ പ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് കളക്ടര്‍ വിശദീകരണം ആവശ്യപ്പെട്ട നടപടിയെടുത്തത്. ശബരിമലയുടെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് ചോദിക്കുന്നതെതെന്നായിരുന്നു സുരേഷ് ഗോപി പ്രസംഗത്തില്‍ പറഞ്ഞത്. അയ്യപ്പന്‍ വികാരമാണെങ്കില്‍ കിരാതസര്‍ക്കാരിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലല്ല, ഭാരതം മുഴുവന്‍ ജനങ്ങള്‍ നല്‍കുമെന്നും സുരേഷ് ഗോപി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
സുരേഷ് ഗോപിയ്‌ക്കെതിരെ നോട്ടീസ് അയച്ച കളക്ടര്‍ അനുപമയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പിണറായി സര്‍ക്കാരിന് ദാസ്യപണി ചെയ്യുകയാണ് കളക്ടറെന്നാണ് ബിജെപിയുടെ വിമര്‍ശനം