‘ഐസ്ക്രീം ഫെയിം’ റജീന കേസില്‍ കുടുങ്ങി!

Rajeena
കോഴിക്കോട്| WEBDUNIA|
PRD
PRO
കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് ഒരു പെണ്‍‌കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ മുഖ്യസാക്ഷി റജീനയെ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട്‌ നാലാംകോടതിയില്‍ ഹാജരാക്കിയ റെജീനയിപ്പോള്‍ റിമാന്‍ഡിലാണ്.

ഫെബ്രുവരി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടില്‍ താമസിക്കുന്ന കുടുംബത്തിലെ പതിനാറുകാരി പെണ്‍‌കുട്ടിയെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. സ്കൂളില്‍ നിന്ന്‌ വൈകുന്നേരം വീട്ടിലേക്ക്‌ നടന്നുവരുമ്പോള്‍ കാറിലെത്തിയ റജീന വഴിതടഞ്ഞ്‌ പെണ്‍കുട്ടിയെ കാറിലേക്ക്‌ വലിച്ചിടാന്‍ ശ്രമിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്നാല്‍ പെണ്‍‌കുട്ടി കുതറിമാറിയതിനാലും അലറിവിളിച്ചതിനാലും തട്ടിക്കൊണ്ട് പോകാനായില്ല.

തുടര്‍ന്ന് പെണ്‍‌കുട്ടിയും വീട്ടുകാരും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കാറില്‍ രണ്ട്‌ പുരുഷന്‍മാര്‍ ഉണ്ടായിരുന്നതായും കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്‌. ഉമ്മയുമായുള്ള വാടക തര്‍ക്കത്തിന്റെ പേരിലുള്ള വൈരാഗ്യമാണ്‌ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന്‌ പിന്നിലെന്നും പെണ്‍കുട്ടി പറയുന്നതായി എസ്‌ഐ കൂട്ടിച്ചേര്‍ത്തു. റജീനയുടെ വീട്ടിലെത്തിയാണ്‌ എസ്‌ഐയും സംഘവും അറസ്റ്റ്‌ ചെയ്തത്‌.

കോഴിക്കോട് നഗരത്തിലെ ഒരു ഐസ് ക്രീം - ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന പെണ്‍വാണിഭത്തിലെ മുഖ്യസാക്ഷിയായിരുന്നു റെജീന. കേരളത്തിലെ ഐടി മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് റജീന എതിരെ പരസ്യ പ്രസ്താവന നടത്തിയതോടെ ഈ വിവാദം ദേശീയശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് റജീന മൊഴി മാറ്റിപ്പറയുകയും കൂറുമാറുകയും ചെയ്തതോടെ പ്രതികളെയെല്ലാം കോടതി വെറുതെവിട്ടു.

പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള അംഗമായ റജീനയിപ്പോള്‍ സാമ്പത്തികമായി ഉന്നതനിലയിലാണ്. സ്വന്തമായി വീടും വാടകവീടുകളും റജീനയ്ക്കിപ്പോള്‍ ഉണ്ട്. നല്ല ബാങ്ക് ബാലന്‍സും റജീനയ്ക്കുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :