ഗോവ പീഡനം: പ്രധാന പ്രതി അറസ്റ്റില്‍

മുംബൈ| WEBDUNIA|
PRO
ഗോവയില്‍ ഒമ്പതു വയസുകാരിയായ റഷ്യന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പൊലീസ് പിടിയിലായി. മുഖ്യപ്രതിയായ അമന്‍ ഭരദ്വാജിനെ മുംബൈയിലെ ചെമ്പൂര്‍ പ്രദേശത്തു നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഡി ഐ ജി രവീന്ദ്ര യാദവ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ അമന്‍ വിനോദസഞ്ചാരിയായാണ് ഗോവയിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.

അമന്‍ ഭരദ്വാജിന്‍റെ കൂട്ടുപ്രതിയായ അനില്‍ രഘുവംശിയെ ഇന്നു രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഗോവയിലെ അരം‌ബല്‍ ബീച്ചില്‍ വച്ചാണ് ഒമ്പതുകാരിയായ റഷ്യന്‍ പെണ്‍‌കുട്ടി മാനഭംഗത്തിനിരയായത്. കുട്ടി കടലില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ കുട്ടിയുടെ അമ്മയുടെ സമീപത്ത് വന്ന് അനില്‍ രഘുവംശി സംസാരിക്കുകയും ശ്രദ്ധ തിരിക്കുകയും ചെയ്തു. ആ സമയത്ത് അമന്‍ ഭരദ്വാജ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു.

ധര്‍ഗല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ജോലിക്കാരാണ് പ്രതികള്‍ ഇരുവരും. സംഭവത്തില്‍ പൊലീസ്‌ നടത്തുന്ന അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ ആവശ്യപ്പെടുമെന്ന്‌ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എസില്‍ഡ സാപെകോ അറിയിച്ചു.

ഗോവയില്‍ ഇത്തരം അതിക്രമങ്ങള്‍ ചെറുക്കുന്നതിന് ചില നടപടികള്‍ ഗോവാ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി അംബികാ സോണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :