വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കരുത്: സിബി‌എസ്‌ഇ

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 21 ജനുവരി 2010 (11:20 IST)
വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ പലവിധ പീഡനങ്ങള്‍ക്ക് വിധേയമാവുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇതിനെതിരെ കര്‍ശന നിര്‍ദ്ദേശവുമായി സിബി‌എസ്‌ഇ രംഗത്ത്. അച്ചടക്കത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയും പീഡിപ്പിക്കപ്പെടരുത് എന്ന് എല്ലാ സിബി‌എസ്‌ഇ സ്കൂളുകള്‍ക്കും ചെയര്‍മാന്‍ വിനീത് ജോഷി നിര്‍ദ്ദേശം നല്‍കി.

ഒരു സ്കൂളും അച്ചടക്ക പരിപാലനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെയോ രക്ഷകര്‍ത്താക്കളെയോ പീഡിപ്പിക്കരുത്. ഇക്കാര്യം കര്‍ശനമായി നിരീക്ഷിക്കണമെന്നും പരിപാലിക്കപ്പെടണം എന്നും ജോഷി പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.

കൌമാര പ്രായത്തിലുള്ള കുട്ടികള്‍ പലവിധ പ്രലോഭനങ്ങള്‍ക്കും വശംവദരായേക്കാമെന്നതിനാല്‍, തീരുമാനങ്ങളെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്. ശാരീരികമോ സാമ്പത്തികമോ കഴിവോ അടിസ്ഥാനമാക്കാതെ എല്ലാ വിദ്യാര്‍ത്ഥികളെയും ഒരേ രീതിയില്‍ പരിഗണിക്കണമെന്നും സ്കൂളുകള്‍ ഫാക്ടറികളല്ല ബൌദ്ധിക കേന്ദ്രങ്ങളാണെന്നും സിബി‌എസ്‌ഇ അധ്യക്ഷന്‍ നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ പീഡനത്തിരയാവുന്നതിനെ കുറിച്ച് നിരവധി പരാതികള്‍ അടുത്തകാലത്ത് ഉയര്‍ന്നുവന്നിരുന്നു. പതിനായിരത്തിലധികം സ്കൂളുകളാണ് സിബി‌എസ്‌ഇയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :