തിരുവനന്തപുരം|
സജിത്ത്|
Last Modified ശനി, 27 മെയ് 2017 (09:56 IST)
കെഎസ്ആർടിസിയുടെ കേസുകൾ വാദിക്കുന്നതിൽനിന്ന് അഡ്വ. ഹാരിസ് ബീരാനെ മാറ്റി. ഡിജിപി ടി.പി. സെൻകുമാറിനു വേണ്ടി സുപ്രീംകോടതിയിൽ കേസ് വാദിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നല്കിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 13 കേസുകളിൽ സര്‍ക്കാരിന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഹൈക്കോടതിയിലെ സ്റ്റാന്റിങ് കൗൺസിലിനെ മാറ്റാനും തീരുമാനമായി.
കഴിഞ്ഞ പത്തുവർഷത്തിലേറെയായി ഹാരിസ് ബീരാനായിരുന്നു കെഎസ്ആർടിസിയുടെ കേസുകൾ സുപ്രീംകോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ ടി.പി. സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതിനെതിരെ സര്‍ക്കാരിനെതിരായി ഹാരിസ് ബീരാന് സുപ്രീംകോടതിയിൽ വാദിക്കുകയും സെൻകുമാറിന് അനുകൂലമായ വിധി നേടിക്കൊടുക്കുകയും ചെയ്തു. ഇതോടെയാണ് ഇയാളെ മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്
ഇക്കാര്യം സംബന്ധിച്ച കത്ത് ഗതാഗതമന്ത്രി കെഎസ്ആർടിസി എംഡിയ്ക്കു കൈമാറിയിട്ടുണ്ട്. വി. ഗിരിയെ പുതിയ അഭിഭാഷകനായി നിയമിക്കുകയും ചെയ്തു. അതേസമയം ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസിലായ ജോൺ മാത്യുവിനെയും ഒഴിവാക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. മൂന്നുമാസത്തിനിടെ 13 കേസുകളിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണിത്. റൂട്ടുകേസുകളടക്കം ഇതിൽ ഉൾപ്പെടുന്നു.
ഇതിനിടെ, അടുത്തമാസം 15 മുതൽ 7,000 രൂപയിൽ താഴെ മാത്രം വരുമാനം ലഭിക്കുന്ന ഓർഡിനറി സർവീസുകളിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും സംഗിൾ ഡ്യൂട്ടി ഏർപ്പെടുത്താൻ എംഡി നിർദേശം നൽകി. ആറര മണിക്കൂറിൽ അധികം ജോലിചെയ്യുന്നവർക്കു ശേഷിച്ച സമയത്തിനു തുല്യമായ തുക നൽകുമെന്നും ആ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.