സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ല: പന്ന്യന്‍

 വെഞ്ഞാറമൂട് ശശി, സി ദിവാകരന്‍, ബെന്നറ്റ് ഏബ്ദ്രഹാം, പന്ന്യന്‍ രവീന്ദ്രന്‍, സി പി ഐ
തിരുവനന്തപുരം| Last Modified ശനി, 9 ഓഗസ്റ്റ് 2014 (19:57 IST)
ബെന്നറ്റ് ഏബ്രഹാമിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അവാസ്തവമായ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നതെന്നും താന്‍ രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും പന്ന്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി ദിവാകരനെ സംസ്ഥാന എക്സിക്യൂട്ടീവില്‍ നിന്നും തരം താഴ്ത്തിയെന്നും അദ്ദേഹം ഇനി സംസ്ഥാന കൌണ്‍സിലില്‍ പ്രവര്‍ത്തിക്കുമെന്നും പന്ന്യന്‍ പറഞ്ഞു.

വെഞ്ഞാറമ്മൂട് ശശിയെയും പി രാമചന്ദ്രന്‍ നായരെയും ജില്ലാ കൌണ്‍സിലിലേക്ക് തരം താഴ്ത്തിയതായും പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചു. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച പറ്റിയെന്ന് പന്ന്യന്‍ സമ്മതിച്ചു. ഒരാളുടെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്നും അങ്ങനെ ഒരു ആക്ഷേപം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും പന്ന്യന്‍ പറഞ്ഞു.

അതേസമയം, തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തുടര്‍ന്നുണ്ടായ വിവാദങ്ങളിലും മുഴുവന്‍ ഉത്തരവാദിത്തവും പന്ന്യന്‍ രവീന്ദ്രനാണെന്ന് നടപടി നേരിട്ട പി രാമചന്ദ്രന്‍ നായര്‍ തുറന്നടിച്ചു. ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കേണ്ട. പാര്‍ട്ടിയെ നശിപ്പിക്കണമെന്ന് ആഗ്രഹമുള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. അവര്‍ തനിക്കെതിരെ സ്വഭാവഹത്യ നടത്തുന്ന പ്രചരണങ്ങള്‍ നടത്തുകയാണ് - രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

അതേസമയം, നടപടിക്ക് വിധേയനായ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി സി പി ഐ വിടാന്‍ തീരുമാനിച്ചു. താന്‍ ഇനി പാര്‍ട്ടിയില്‍ തുടരില്ലെന്ന് ശശി മാധ്യമങ്ങളെ അറിയിച്ചു.

ഞാന്‍ ഇനി സി പി ഐയില്‍ തുടരില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ തന്നെയുണ്ടാകും. ആരോഗ്യമുള്ള കാലം വരെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരിക്കും. അന്തിമതീരുമാനം സുഹൃത്തുക്കളുമായി ആലോചിച്ച് രണ്ടുദിവസത്തിനുള്ളില്‍ സ്വീകരിക്കും. തന്‍റെ തീരുമാനം ഞായറാഴ്ച സി പി ഐ നേതൃത്വത്തെ അറിയിക്കും. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തനിക്കെതിരായ നടപടിയില്‍ ദുഃഖമില്ലെന്നും വെഞ്ഞാറമൂട് ശശി പറഞ്ഞു.

ബെന്നറ്റ് ഏബ്രഹാം എങ്ങനെ സ്ഥാനാര്‍ത്ഥിയായി എന്നതിനെ പറ്റി അന്വേഷണ കമ്മീഷന്‍ അന്വേഷിച്ചു. എന്നാല്‍ ബെന്നറ്റ് എങ്ങനെ പരാജയപ്പെട്ടു എന്ന് അന്വേഷിച്ചിട്ടില്ല. ബെന്നറ്റ് ഏബ്രഹാമിന്‍റെ കൈയില്‍ നിന്ന് 1.87 കോടി രൂപ പാര്‍ട്ടിക്ക് ലഭിച്ചു. ഇത് ചെലവഴിച്ചത് പി രാമചന്ദ്രന്‍ നായരാണ് - വെഞ്ഞാറമൂട് ശശി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :