ജയില്‍ മോചിതയായ സോളാര്‍ കേസ് മുഖ്യപ്രതി സരിത എസ് നായര്‍ അജ്ഞാതകേന്ദ്രത്തിലാണ് ഇപ്പോഴുള്ളതെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വിവരങ്ങള്‍. അതേസമയം സരിത ആലപ്പുഴയില്‍ ഒരു ഹൌസ്ബോട്ടിലാണ് ഇപ്പോള്‍ കഴിയുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റേതാണ് ഈ ഹൌസ്ബോട്ട് എന്നും സൂചനകള്‍ ഉണ്ട്.
സരിത മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയേക്കാവുന്ന വെളിപ്പെടുത്തലുകള്‍ ഒഴിവാക്കാനായുള്ള ചര്‍ച്ചകളാണ് ഹൌസ്ബോട്ടില്‍ നടക്കുന്നത് എന്നും സൂചനകള്‍ ഉണ്ട്. സരിത ജയില്‍ മോചിതയായതോടെ പല രാഷ്ട്രീയ നേതാക്കളും അങ്കലാപ്പിലാണ്. തങ്ങള്‍ക്കെതിരെ സരിത വാ തുറക്കാതിരിക്കാനായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത് എന്നും സൂചനകള്‍ ഉണ്ട്.
ഞായറാഴ്ച സരിത മാധ്യമപ്രവര്‍ത്തകരെ കാണുമെന്നാണ് അവരുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് അറിയിച്ചിരുന്നത്. ഇതിനിടെയാണ് ഫെനിയുടെ മന്നാറിലെ ഭാര്യാ വീട്ടില്‍ നിന്ന് സരിത അപ്രത്യക്ഷയായത്. സരിത മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരും എന്ന് തന്നെയാണ് ഫെനി തിങ്കളാഴ്ചയും പറഞ്ഞത്.
അതിനിടെ ഹോസ്ദുര്‍ഗ് കോടതിയില്‍ സരിതയ്ക്ക് എതിരെ ഉണ്ടായിരുന്ന കേസ് കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പായിരുന്നു. കാഞ്ഞങ്ങാട്ടെ പവര്‍ ഫോര്‍ യു ആള്‍ട്ടര്‍നേറ്റ് എനര്‍ജി എന്ന സ്ഥാപനത്തിന്റെ ഉടമ സരിതയ്ക്കെതിരെ നല്‍കിയിരുന്ന പരാതിയാണ് പിന്‍വലിച്ചത്. തമിഴ്നാട്ടില്‍ കാറ്റാടി യന്ത്രം സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് 13 പേരില്‍ നിന്നായി 73,25,000 രൂപ തട്ടിയെടുത്ത കേസാണിത്. പരാതിക്കാരന് നഷ്ടപ്പെട്ടതിനേക്കാള്‍ അഞ്ചിരട്ടി പണം കൂടുതല്‍ നല്‍കിയാണ് കേസ് ഒത്തുതീര്‍പ്പാക്കിയത് എന്നാണ് വിവരം.