രാജിസന്നദ്ധത അറിയിച്ചെന്ന് പിസി, യുഡിഎഫ് തീരുമാനം അംഗീകരിക്കും

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 27 മാര്‍ച്ച് 2015 (09:43 IST)
ചീഫ് വിപ്പ് സ്ഥാനം രാജിവെയ്ക്കാനുള്ള തന്റെ സന്നദ്ധത മുഖ്യമന്ത്രിയും യു ഡി എഫ് ചെയര്‍മാനുമായ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ലിഫ് ഹൌസിലെത്തി കണ്ടതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്.

കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി തന്റെ രാജി ആവശ്യപ്പെട്ടതായി തന്നെ ആരും അറിയിച്ചിട്ടില്ലെന്നും അത് അറിഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചെന്നും ജോര്‍ജ് പറഞ്ഞു. ഇക്കാര്യത്തില്‍ യു ഡി എഫ് അന്തിമതീരുമാനം എടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

രാജിക്കത്ത് നല്കന്‍ തയ്യാറായിരുന്നെങ്കിലും മേടിച്ചില്ല. താന്‍ ഇപ്പോഴും യു ഡി എഫിന്റെ ഭാഗം തന്നെയാണ്. തന്നെ അപമാനിക്കുന്ന ഒരു കാര്യവും യു ഡി എഫ് ചെയര്‍മാന്‍ ആയ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയായ രമേശ് ചെന്നിത്തലയോ കുഞ്ഞാലിക്കുട്ടിയോ ഒന്നും ചെയ്തിട്ടില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

താന്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്. കഴിഞ്ഞദിവസം പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയും വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫും ഒരുമിച്ചാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും എന്നാല്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു. ജോസഫ് ഗ്രൂപ്പ് തനിക്കെതിരെയല്ല, തന്നോടൊപ്പമാണെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

യു ഡി എഫ് ആണ് തനിക്ക് ചീഫ് വിപ്പ് സ്ഥാനം തന്നതെന്നും മാണി അല്ലെന്നും പറഞ്ഞ പി സി ജോര്‍ജ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും അത് താന്‍ അംഗീകരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :