മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലേക്ക്, ജനം ഭീതിയില്‍

ഇടുക്കി| Last Modified വ്യാഴം, 20 നവം‌ബര്‍ 2014 (21:01 IST)
ആശങ്കയുടെയും ഭീതിയുടെയും നടുവില്‍ കേരളജനത. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലേക്ക് നീങ്ങുന്നു. ഇപ്പോള്‍ 141.9 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ജനങ്ങള്‍ ആശങ്കയിലായി.

മുല്ലപ്പെരിയാറില്‍ നിന്ന് ജലമെടുക്കുന്നത് തമിഴ് നാട് പൂര്‍ണമായും നിര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം 147 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോയിരുന്നത്. ഇതാണ് പെട്ടെന്ന് നിര്‍ത്തിയിരിക്കുന്നത്.എന്നാല്‍ ജലനിരപ്പ് 142 അടിയായാലുടന്‍ വൈഗ അണക്കെട്ടിലേക്ക് കൂടുതല്‍ ജലമെടുക്കുമെന്ന് തേനി കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

വെള്ളമെടുക്കുന്നത് തമിഴ് നാട് നിര്‍ത്തിയതാണ് ജലനിരപ്പ് ഉയരാന്‍ ഒരു കാരണം. ഇതിന് പരിഹാരം കാണാന്‍ തമിഴ് നാട് തന്നെ ശ്രമിക്കുമെന്ന് കലക്ടര്‍ അറിയിച്ചത് ആശ്വാസമായിട്ടുണ്ട്.

അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയാണ്. ഈ കാര്യത്തില്‍ ഉടനടി ചര്‍ച്ച നടത്തുന്നതിനായി ശനിയാഴ്ച അടിയന്തരമായി ഉന്നതതല യോഗം വിളിക്കുമെന്നു കേന്ദ്ര ജലവിഭവ വകുപ്പുമന്ത്രി ഉമാഭാരതി വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാണ് ചര്‍ച്ചയെന്നും സംസ്ഥാന സര്‍ക്കാരുകള്‍ നിലപാട് അറിയിക്കണമെന്നും ജലവിഭവ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനിടെ, മുല്ലപ്പെരിയാന്‍ ഉന്നതാധികാര സമിതിയിലെ കേരളാ പ്രതിനിധി വി ജെ കുര്യനും ജോയ്സ് ജോര്‍ജ് എം പിയും അണക്കെട്ട് സന്ദര്‍ശിച്ചു. പരിസ്ഥിതി ആഘാത പഠനം നടത്തുവാനായി വനം വകുപ്പ് മേധാവി വി ഗോപിനാഥ് തേക്കടിയിലെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :